ന്യൂഡല്‍ഹി: ദേശവിരുദ്ധ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച പാകിസ്താന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോം, മൊബൈല്‍ ആപ്ലിക്കേഷന്‍, സമൂഹ മാധ്യമ അക്കൗണ്ടുകള്‍, സ്മാര്‍ട് ടിവി ആപ്ലിക്കേഷന്‍ തുടങ്ങിയവ നിരോധിച്ച് കേന്ദ്രം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ വിഡ്ലി ടിവി, രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകള്‍, നാല് സമൂഹ മാധ്യമ അക്കൗണ്ടുകള്‍, സ്മാര്‍ട് ടിവി ആപ്ലിക്കേഷന്‍ എന്നിവയാണ് നിരോധിച്ചത്.
പാകിസ്താന്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ വിഡ്ലി ടിവി ‘സേവക്: ദ കണ്‍ഫഷന്‍’ എന്ന പേരില്‍ അടുത്തിടെ വെബ് സീരിസ് റിലീസ് ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിലായിരുന്നു വെബ് സീരിസ് പുറത്തിറക്കിയത്. ഇത് ഇന്ത്യയുടെ ദേശസുരക്ഷയേയും പരമാധികാരത്തേയും ബാധിക്കുന്നതാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി.
വെബ് സീരിസിന്റെ മൂന്ന് ഭാഗമാണ് ഇതുവരേയായി പുറത്തുവന്നത്. ഇതിലെ ഉള്ളടക്കം ഇന്ത്യയുടെ പ്രതിരോധമേഖലയെ ബാധിക്കുന്നതാണ്. സംസ്ഥാനങ്ങളുടെ സുരക്ഷയേയും വിദേശരാജ്യങ്ങളുമായുള്ള സൗഹൃദങ്ങളേയും ഇത് ബാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, ബാബരി മസ്ജിദ് തകര്‍ത്ത സംഭവം, സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകം, മലേഗാവ് സ്‌ഫോടനം, സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീതര്‍ക്കം തുടങ്ങിയ ചരിത്ര സംഭവങ്ങളേയും വിഷയങ്ങളേയും തെറ്റായി ചിത്രീകരിച്ചെന്നും മന്ത്രാലയം പറഞ്ഞു.