CrimeNEWS

40 ചാക്ക് റേഷനരിയും 20 ചാക്ക് ഗോതമ്പും മോഷ്ടിച്ച് കടത്തി; സപ്ലൈകോ ജീവനക്കാരനടക്കം നാലുപേര്‍ പിടിയില്‍

ആലപ്പുഴ: സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍നിന്ന് റേഷന്‍കുത്തരിയും ഗോതമ്പും മോഷ്ടിച്ചു കടത്തിയതിനു സപ്ലൈകോ ജീവനക്കാരന്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍.

മാവേലിക്കര തട്ടാരമ്പലം സംഭരണകേന്ദ്രത്തിലെ സീനിയര്‍ അസിസ്റ്റന്റ് (ഗ്രേഡ്-രണ്ട്) തിരുവനന്തപുരം നെടുമങ്ങാട് ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര അശ്വനി വീട്ടില്‍ രാജു (52), വാതില്‍പ്പടി റേഷന്‍വിതരണം നടത്തുന്ന ഹരിപ്പാട് ചെറുതന പണിക്കര്‍വീട്ടില്‍ സന്തോഷ് വര്‍ഗീസ് (61), ചെറിയനാട് കിഴക്കുംമുറി പ്ലാന്തറയില്‍ ജോസഫ് സുകു (61), മിനിലോറി ഡ്രൈവര്‍ ഹരിപ്പാട് മണ്ണാറശാല നക്രാത്ത് കിഴക്കതില്‍ വിഖില്‍ (26) എന്നിവരെയാണു മാവേലിക്കര പോലീസ് അറസ്റ്റുചെയ്തത്. ചെങ്ങന്നൂര്‍ താലൂക്കിലെ റേഷന്‍കടകളില്‍ വിതരണം ചെയ്യുന്നതിനുള്ള ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്ന കേന്ദ്രമാണു തട്ടാരമ്പലത്തേത്. 40 ചാക്ക് അരി, 20 ചാക്ക് ഗോതമ്പ് എന്നിവയും കടത്താനുപയോഗിച്ച ലോറിയും ടെമ്പോവാനും പിടിച്ചെടുത്തു.

Signature-ad

ശനിയാഴ്ച ഉച്ചയോടെയാണ് തട്ടാരമ്പലത്തിലെ സംഭരണകേന്ദ്രത്തില്‍നിന്നു രേഖകളില്ലാതെ അരിയും ഗോതമ്പും പുറത്തേക്കുകൊണ്ടുപോയത്. സംഭരണകേന്ദ്രത്തിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥന്‍ പുറത്തുപോയ സമയത്തായിരുന്നു ഇത്. ഈ ഉദ്യോഗസ്ഥനാണു പോലീസില്‍ പരാതി നല്‍കിയത്. സംഭരണകേന്ദ്രത്തിലെ സി.സി. ടിവി ദൃശ്യങ്ങളില്‍നിന്നു സാധനങ്ങള്‍ കൊണ്ടുപോയ മിനിലോറി തിരിച്ചറിഞ്ഞതോടെ പോലീസ് അന്വേഷണം തുടങ്ങി.

ഇതറിഞ്ഞ പ്രതികള്‍ കടത്തിയ ഭക്ഷ്യധാന്യം ഞായറാഴ്ച ഉച്ചയോടെ പെരിങ്ങേലിപ്പുറം, കാരയ്ക്കാട് എന്നിവിടങ്ങളിലെ ഓരോ റേഷന്‍കടകളില്‍ എത്തിച്ചു. അവധിദിവസം സാധനങ്ങളെത്തിച്ചതിനാലും ബില്ലു നല്‍കാത്തതിനാലും കടക്കാര്‍ സാധനങ്ങളേറ്റുവാങ്ങാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ ബില്ലെത്തിക്കാമെന്ന് ഉറപ്പുനല്‍കിയതോടെ കടക്കാര്‍ സാധനങ്ങള്‍ വാങ്ങിവെച്ചു.

പ്രതികളെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചതോടെ പോലീസ് നാലുപേരെയും പിടികൂടുകയായിരുന്നു. കടകളില്‍നിന്ന് അരിയും ഗോതമ്പും കണ്ടെടുത്തു.തട്ടാരമ്പലത്തിലെ സംഭരണകേന്ദ്രത്തില്‍ വന്‍ തട്ടിപ്പു നടന്നതായി പോലീസ് സംശയിക്കുന്നു. സപ്ലൈകോയുടെ വിജിലന്‍സ് വിഭാഗം ഇവിടത്തെ നീക്കിയിരിപ്പു പരിശോധിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കൂടുതലന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ മോഷ്ടിച്ചതിനും ഉദ്യോഗസ്ഥന്‍ അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണു കേസ്.

 

Back to top button
error: