
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഞ്ചുവര്‍ഷം മുന്‍പ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച് തുന്നിക്കെട്ടിയ കേസില്‍ അന്വേഷണം വൈകുന്നതിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി.
ആദ്യം അന്വേഷിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ അന്വേഷണം നടത്തുകയാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇതിന് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്‌പെഷല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യ റിപ്പോര്‍ട്ട് നല്‍കിയത്. കൂടുതല്‍ അന്വേഷണം വേണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തുടര്‍നടപടിയെന്ന് മന്ത്രി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ പക്ഷത്തുനിന്നാണ് ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചതെന്നും അവര്‍ അവകാശപ്പെട്ടു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചില്ലെന്ന് പരാതിക്കാരി കുറ്റപ്പെടുത്തി. വയറുവേദനയെത്തുടര്‍ന്ന് യുവതി മെഡിക്കല്‍ കോളജില്‍ വീണ്ടും ചികില്‍സ തേടി. ആരോഗ്യമന്ത്രിയെ അഞ്ച് തവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ ആശുപത്രി വിടില്ലെന്ന് അവര്‍ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ട് ഒന്നരമാസമായെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല.






