KeralaNEWS

വിരുന്നിന് വരുന്നില്ല; ഗവര്‍ണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും, പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ബുധനാഴ്ച രാജ്ഭവനില്‍ നടക്കുന്ന വിരുന്നിനുള്ള ക്ഷണം നിരസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിരുന്നില്‍ പ്രതിപക്ഷ നേതാവും പങ്കെടുക്കില്ല.

തിങ്കളാഴ്ച രാവിലെ കാര്യോപദേശക സമിതി യോഗത്തിന് മുമ്പ് ഘടകകക്ഷി മന്ത്രിമാരുടെ പ്രത്യേകയോഗം മുഖ്യമന്ത്രി വിളിച്ചിരുന്നു. ഈ യോഗത്തിലാണ് വിരുന്നില്‍ പങ്കെടുക്കേണ്ടതില്ല എന്ന ധാരണയിലെത്തിയത്.

Signature-ad

സര്‍ക്കാരുമായി ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തില്‍ സഹകരിക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. നിയമസഭാ സമ്മേളനം പൂര്‍ത്തിയാക്കിയ ശേഷം ഡല്‍ഹിയ്ക്ക് പോകുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിരുന്നില്‍ പങ്കെടുക്കില്ല.

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ക്രിസ്മസ് വിരുന്ന് ഒരുക്കിയിട്ടുള്ളത്. വിരുന്നിലേക്ക് മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.

സര്‍വകലാശാല അടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെയാണ് ഗവര്‍ണര്‍ വിരുന്നിന് ക്ഷണിച്ചത്. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്‍ നിയമസഭ നാളെ പരിഗണിക്കാനിരിക്കുകയാണ്.

സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയില്‍ ഗവര്‍ണറെ ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് ആദിവാസികള്‍ക്കൊപ്പമാണ് ഗവര്‍ണര്‍ ഓണം ആഘോഷിച്ചത്.

 

 

Back to top button
error: