ഓക്സിജൻ ഒഎസ് അപ്ഡേഷനു പിന്നാലെ വൺപ്ലസിന്റെ ചില മോഡലുകളുടെ ഡിസ്പ്ലെയിൽ പച്ച വര തെളിയുന്നു എന്നാണ് പരാതി. പ്രശ്നപരിഹാരത്തിന് എന്തുചെയ്യണമെന്നറിയാതെ വൺപ്ലസ് ഉടമകൾ. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവച്ചാണ് വൺപ്ലസ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്. സ്മാർട്ട്ഫോണുകളിൽ പച്ച വരകൾ ഉണ്ടാകുക എന്നത് സാധാരണമാണ്. എന്നാൽ താഴെ വീഴുമ്പോഴോ വെള്ളം കയറുമ്പോഴോ ഒക്കെയാണ് സാധാരണയായി ഇത്തരം കംപ്ലയിന്റ് കണ്ടുവരാറുള്ളത്. എന്നാൽ അതിൽനിന്നെല്ലാം വിഭിന്നമായാണ് ഇപ്പോൾ ചില സ്മാർട്ട്ഫോണുകളിൽ പച്ച വരകൾ തെളിയുന്നത് എന്നതാണ് ഏവരെയും കുഴക്കുന്ന വിഷയം.
സ്മാർട്ട്ഫോൺ ഡിസ്‌പ്ലേകളിൽ – കണക്ടറിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴോ ഉപകരണം തകരാറിലായാലോ പച്ച വരകൾ സാധാരണയായി ദൃശ്യമാകും. അതൊരു ഹാർഡ്‌വെയർ പ്രശ്നമാണ്. എന്നാൽ ഇവിടെ നിരവധി വൺപ്ലസ് ഉടമകളുടെ സ്മാർട്ട്ഫോണിൽ ഒരേസമയമാണ് കംപ്ലയിന്റ് ദൃശ്യമായിരിക്കുന്നത്. ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷമാണ് ഈ സ്മാർട്ട്ഫോണുകളിൽ പച്ചവര പ്രശ്നം കണ്ടുതുടങ്ങിയത് എന്നതാണ് പൊതുവായുള്ള ഘടകം. അതിനാൽത്തന്നെ ഓക്സിജൻ സോഫ്ട്വേർ അപ്ഡേഷനുമായി ബന്ധപ്പെട്ടാകാം പ്രശ്നം ഉണ്ടായിരിക്കുന്നത് എന്നാണ് പൊതു വിലയിരുത്തൽ. എങ്കിലും എന്താണ് സംഭവിച്ചത് എന്ന് ഇതുവരെ ഔദ്യോഗികമായി ഒരു വിശദീകരണവും ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല. ഇന്ത്യൻ മൊബൈൽ വിപണിയിൽ ഏറെ ആരാധകരുള്ള ബ്രാൻഡാണ് വൺപ്ലസ്. അതിനാൽത്തന്നെ പരാതികൾ ഉയരുന്നത് ആരാധകരെയും വൺപ്ലസ് ഉടമകളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഓക്‌സിജൻ ഒഎസ് 13 അപ്ഡേറ്റിന് ശേഷം നിരവധി വൺപ്ലസ് ഡിവൈസുകളിൽ പച്ചവര ദൃശ്യമാകുന്നതിനു കാരണമാകുന്നതായി ട്വിറ്ററിലെ സമീപകാല പോസ്റ്റുകളിൽനിന്ന് വ്യക്തമാകുന്നു. വൺപ്ലസ് 8, വൺപ്ലസ് 8ടി, വൺപ്ലസ് 8 പ്രോ, വൺപ്ലസ് 9, വൺപ്ലസ് 9 ആർ എന്നീ ഫോണുകൾ ഈ പ്രശ്‌നം നേരിടുന്നു. അതേസമയം, വൺപ്ലസ് 10 പ്രോ ഫോണുകളിൽ ഈ പ്രശ്‌നമില്ലെന്നാണു സൂചന. ഏറ്റവും പുതിയ ഓക്‌സിജൻ ഒഎസിലേക്കു ഡിവൈസ് അപ്ഡേറ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണോ പ്രശ്നം ഉണ്ടാകുന്നത്, അതോ കുറച്ചു സമയം കഴിഞ്ഞാണോയെന്നു പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ ആ പ്രത്യേക പതിപ്പും പ്രശ്നവും തമ്മിലുള്ള ബന്ധം തള്ളിക്കളയാനാകുന്നില്ല. ഇടയ്ക്കിടയ്ക്ക് മാത്രമാണ് തങ്ങൾക്ക് പ്രശ്നങ്ങൾ നേരിടുന്നത് എന്ന് ചില ഉപയോക്താക്കൾ പറയുന്നു.
ഫോണുമായി സർവീസ് സെന്ററിൽ ചെന്നെങ്കിലും സഹായമൊന്നും ലഭിച്ചില്ലെന്നും ചിലർ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഇതുവരെയുള്ള എല്ലാ പരാതികളും ഇന്ത്യൻ ഉപയോക്താക്കളിൽനിന്നാണ് ഉയർന്നിരിക്കുന്നതെന്നാണു മറ്റൊരു നിരീക്ഷണം. പച്ചവരകൾ മിക്കപ്പോഴും ഹാർഡ്വെയറുമായി ബന്ധപ്പെട്ടതാണ്. എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല എന്നു മാത്രമല്ല, ഈ പ്രശ്നത്തിന് പരിഹാരവും കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. നിങ്ങൾ പ്രശ്‌നം നേരിടുന്നുണ്ടെങ്കിൽ സ്മാർട്ട്ഫോണുമായി സർവീസ് സെന്ററിലേക്കു പോകുന്നതാണു നല്ലത്. വാറന്റിയുള്ള ഡിവൈസുകളാണെങ്കിൽ ഡിസ്‌പ്ലേ സൗജന്യമായി മാറ്റിസ്ഥാപിച്ചു തരേണ്ടതാണ്. വാറന്റി കാലാവധി കഴിഞ്ഞ ഉടമകൾ എന്തു ചെയ്യും എന്നതാണ് ഉയരുന്ന ചോദ്യം. എന്തായാലും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വരുമോ എന്നാണ് ഇനി അറിയാനുള്ളത്.