KeralaNEWS

ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടി തട്ടിയ എക്സൈസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. എറണാകുളം റേഞ്ച് എക്സൈസ് സിവിൽ ഓഫീസർ എ.ജെ അനീഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. 66 പേരിൽ നിന്നായി രണ്ടര കോടിയിലധികം രൂപ അനീഷ് തട്ടിയെടുത്തെന്നാണ് പരാതി. ഇതിൽ 38 പേർ അനീഷിനെതിരെ എറണാകുളം പറവൂർ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇയാളിപ്പോൾ ഒളിവിലാണ്.

റഷ്യയിലുള്ള ഇമ്മാനുവൽ  എന്ന യുവാവാണ് ജോലി ഒഴിവുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ അനീഷിനെ സമീപിക്കാനും ഇവരോട്  പറഞ്ഞത്. ഇത് പ്രകാരം അനീഷിനെ സമീപിച്ചവരോട് റഷ്യയിൽ ജോലി നൽകാമെന്ന് പറഞ്ഞ് രണ്ട് ലക്ഷം മുതൽ 9 ലക്ഷം രൂപ വരെ വാങ്ങിയെടുത്തു.

ഇത്രയും വലിയ തുക നൽകുമ്പോൾ രേഖ വേണമെന്ന് പറഞ്ഞപ്പോൾ സർക്കാർ ജോലി ഉള്ളതിനാൽ തനിക്ക് കരാറിൽ ഏർപ്പെടാൻ കഴിയില്ലെന്നായിരുന്നു മറുപടി.എക്സൈസ് യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ കാണിക്കുകയും ഇമ്മാനുവൽ റഷ്യയിൽ നിന്നും വീഡിയോ കോളിൽ ബന്ധപ്പെടുകയും ചെയ്തപ്പോൾ ഇവർ വിശ്വസിക്കുകയായിരുന്നു.പണം നഷ്ടമായവർ  അനീഷിൻ്റെ വീട്ടിലെത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.

Back to top button
error: