KeralaNEWS

ഇന്റര്‍സിറ്റി ചതിച്ചാശാനേ! വരുമെന്ന് പറഞ്ഞത് മൂന്നില്‍, വന്നത് ഒന്നില്‍; പരക്കം പാഞ്ഞ് യാത്രക്കാര്‍

കോഴിക്കോട്: തെറ്റായ അനൗണ്‍സ്‌മെന്റ് നല്‍കി യാത്രക്കാരെ വലച്ച് റെയില്‍വേ. വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ കയറാനെത്തിയ യാത്രക്കാരാണ് വലഞ്ഞത്. അവസാനനിമിഷം വരെ വണ്ടി മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ വരുമെന്നായിരുന്നു അനൗണ്‍സ്‌മെന്റ്.

എന്നാല്‍, വന്നതാകട്ടെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കും. ഇതോടെ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരെല്ലാം പരക്കം പാച്ചിലായി. റെയില്‍വേയുടെ ‘കബളിപ്പിക്കലി’ല്‍ സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാരാണ് വലഞ്ഞത്.

Signature-ad

അതിനിടെ, സാങ്കേതിക തകരാര്‍ കാരണം ഇന്റര്‍സിറ്റി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് വരുന്നതെന്ന അറിയിപ്പും വന്നു. ലിഫ്റ്റിലും ഗോവണിയിലും തിക്കുംതിരക്കുമായതോടെ മിക്ക യാത്രക്കാരും അപകടകരമായ രീതിയില്‍ പാളം മുറിച്ചുകടന്നാണ് ട്രെയിനില്‍ കയറിപ്പറ്റിയത്. തിരക്ക് കാരണം പലര്‍ക്കും കയറാനുമായില്ല.

ഇതിനിടെ യാത്രക്കാര്‍ പരക്കം പായുന്നതിന്റെയും ട്രെയിനില്‍ കയറാന്‍ പ്രയാസപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ റെയില്‍വേ ജീവനക്കാര്‍ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കി. തങ്ങളെ ബുദ്ധിമുട്ടിച്ചതുകൂടാതെ ദൃശ്യം പകര്‍ത്തി രസിക്കുവാണോ എന്നായിരുന്നു യാത്രക്കാരുടെ ചോദ്യം. ഇതോടെ ജീവനക്കാര്‍ ഓഫീസിനകത്തേക്ക് വലിയുകയായിരുന്നു.

 

 

 

Back to top button
error: