CrimeNEWS

രാത്രി മോഷണം, പകൽ മോഷ്ടാവിനെ പിടികൂടാൻ മുന്നിൽ; മോഷ്ടിച്ച പണം കൊണ്ട് 27 ലക്ഷത്തിന്റെ വീട് വാങ്ങിയ ജാഫർ അലി ഒടുവിൽ കുടുങ്ങി

പലനാൾ കള്ളൻ, ഒരുനാൾ പിടിയിൽ എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് പാലക്കാടുകാരനായ ജാഫർ അലി. പകൽ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ച ഇയാൾ ഒടുവിൽ പൊലീസ് വലയിൽ കുടുങ്ങി.

നാട്ടുകാർക്കൊക്കെ ഏത കാര്യത്തിനും സഹായിയായിരുന്നു ജാഫര്‍ അലി. വീട്ടു സാധനങ്ങൾ വാങ്ങാനോ മരുന്നിനോ എന്തിനും മുന്നിലുണ്ടാകും. കവര്‍ച്ച നടന്നാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതും ജാഫര്‍ അലി തന്നെ. സഹായങ്ങൾ ചെയ്യുന്നതിനിടെ പല വീടുകളിലും ആളുണ്ടോ, മറ്റ് സാഹചര്യങ്ങൾ എങ്ങനെ, വീടുകളിലേക്ക് ഏതു മാർഗത്തിലൂടെ കയറാം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറാം തുടങ്ങിയ കാര്യങ്ങൾ ഇയാള്‍ മനസ്സിലാക്കും.

Signature-ad

കൃത്യമായ നിരീക്ഷണം നടത്തിയാണ് ഓരോ കവര്‍ച്ചയും നടത്തുക. കള്ളന്‍ കയറിയ വീടുകളില്‍ പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് എത്തുമ്പോഴും നിര്‍ദ്ദേശങ്ങള്‍ നല്‍കി ജാഫർ രംഗത്തുണ്ടാകും. ഒരു വര്‍ഷത്തിനിടെ നിരവധി വീടുകളില്‍ കവര്‍ച്ച നടത്തി. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും വിലകൂടിയ വാച്ചുകളും മോഷ്ടിച്ചു.

വിദേശത്തായിരുന്ന ജാഫര്‍ അലി മണലാരണ്യത്തില്‍ ചോര നീരാക്കി സമ്പാദിച്ച പണമെന്നാണ് വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. സ്വന്തം വീടിനടുത്തുള്ള വീട്ടിലെ കവര്‍ച്ചയില്‍ കിട്ടിയ മുതലുകളായിരുന്നു ഇയാളുടെ പ്രധാന കൈമുതല്‍. ഇത്രയും കവര്‍ച്ച നടത്തിയിട്ടും പൊലീസ് തന്നെ പിടികൂടാത്ത ധൈര്യത്തിൽ അടുത്ത കവര്‍ച്ചക്കായി ക്രമീകരങ്ങൾ സജ്ജമാക്കി.

2021 സെപ്റ്റംബറിലാണ് പറക്കുന്നം സ്വദേശി ബഷീറിന്‍റെ വീട്ടില്‍ നിന്നും 20 പവന്‍ സ്വര്‍ണം മോഷണം പോയത്. 2022 ഫെബ്രുവരി 12 ന് ബന്ധുവായ ജാഫറിന്‍റെ വീട്ടില്‍ നിന്ന് 30 പവനും മോഷണം പോയി. രണ്ടു മോഷണവും വീട്ടുകാര്‍ വീടടച്ചിട്ട് ദൂരയാത്രക്ക് പോയപ്പോഴാണ് നടന്നത്. പൊലീസ് അന്വേഷണം നടത്തി. ഒരു വര്‍ഷം കഴിഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബഷീറിന്‍റെ ബന്ധുവിന്‍റെ വീട് സമീപവാസിയായ ജാഫര്‍ അലി 27 ലക്ഷം രൂപയ്ക്ക് വാങ്ങി. നാല് ലക്ഷം രൂപയുടെ നവീകരണവും നടത്തി. ആഘോഷപൂര്‍വം നാട്ടുകാരെയെല്ലാം സല്‍ക്കരിച്ച് താമസം തുടങ്ങി. തുടർന്ന് കാറും വാങ്ങി. പലചരക്ക് കടയിലെ സഹായിയായിരുന്ന ജാഫര്‍ അലി പെട്ടെന്ന് കടയുടെ മുതലാളിയായി. ആര്‍ക്കും സംശയം തോന്നാത്ത മട്ടിലായിരുന്നു വളർച്ച.

കള്ളൻ പ്രാദേശികമായി നല്ല പരിചയമുള്ളയാളായിരിക്കും എന്ന് പൊലീസ് ഉറപ്പിച്ചു. എവിടെയൊക്കെ ക്യാമറയുണ്ട്. എങ്ങനെയെല്ലാം രക്ഷപ്പെടാം എന്നതിനെക്കുറിച്ച് ധാരണയുള്ളയാള്‍. .സി.ടി.വിയിലൊന്നും കള്ളന്‍ പതിഞ്ഞില്ല. നാട്ടുകാര്‍ ആരും കണ്ടിട്ടുമില്ല. വീടുകളില്‍ ആളില്ലാത്ത തക്കത്തില്‍ മാത്രമാണ് കവര്‍ച്ച. പറക്കുന്നം ഭാഗത്ത് പെട്ടെന്ന് സമ്പന്നരായവരുടെ പട്ടിക പൊലീസ് ശേഖരിച്ചു. ഓരോരുത്തരെയും കൃത്യമായി നിരീക്ഷിച്ച് വിളിച്ചുവരുത്തി കാര്യങ്ങള്‍ അന്വേഷിച്ചു. വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചു.

അങ്ങനെയാണ് സംശയമുന ജാഫര്‍ അലിയിലേക്ക് എത്തുന്നത്. മൂന്ന് മാസം പൊലീസ് കൃത്യമായി ജാഫറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച. ലക്ഷങ്ങള്‍ മുടക്കി പെട്ടെന്ന് വീടും വസ്തുവും വാങ്ങിയതും കാറും ആഡംബര ജീവിതവുമെല്ലാം പൊലീസിന്റെ സംശയം കൂട്ടി. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒടുവില്‍ യഥാര്‍ഥ കള്ളനിലേക്കെത്തിയത്. ജാഫര്‍ അലിയുടെ വിരലടയാളം നേരത്തെ കിട്ടിയ തെളിവുകളുടെ കൂട്ടത്തില്‍ യോജിക്കുകയും ചെയ്തു. അങ്ങനെയാണ് കള്ളന്‍ കപ്പലില്‍ത്തന്നെയെന്ന് ഉറപ്പിച്ചത്

അപ്പോഴും പ്രദേശത്തെ ചില വിവരങ്ങള്‍ കൈമാറാനെന്ന മട്ടിലും നേരത്തെയുണ്ടായ കവര്‍ച്ചയില്‍ കള്ളനെ പിടികൂടണമെന്ന് പൊലീസിനെ ഓര്‍മിപ്പിച്ചും ജാഫര്‍ അലി സജീവമായി. രാത്രിയില്‍ കള്ളനെ പിടിക്കാന്‍ കാവലിരിക്കാമെന്നു വരെ പറഞ്ഞു. പല ഘട്ടങ്ങളില്‍ ജാഫര്‍ അലിയോട് കവര്‍ച്ചാ വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ പ്രദേശത്തെ അതിഥി തൊഴിലാളികള്‍ക്ക് പങ്കുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പൊലീസിന് സംശയം കൂട്ടുന്ന തരത്തില്‍ പല കാരണങ്ങളും പറഞ്ഞു. ഫോണ്‍വിളി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ഇത് തെളിയിക്കാനായില്ല. ഇത് ജാഫര്‍ അലിയുടെ കൃത്യമായ തന്ത്രമായിരുന്നു എന്ന് പൊലീസിന് ബോധ്യപ്പെട്ടു.

ഇന്നലെ ജാഫര്‍ അലിയെ തെളിവെടുപ്പിന് എത്തിക്കുമ്പോള്‍ ഓരോ ദിവസവും സഹായിയായി കാര്യങ്ങള്‍ തിരക്കിയവനെന്നായിരുന്നു നാട്ടുകാര്‍ പറഞ്ഞത്. ആര്‍ക്കും അവിശ്വാസത്തിനുള്ള ഇട കൊടുക്കാത്തതായിരുന്നു ഇയാളുടെ വിജയം. നാട്ടിലെ സഹായി കള്ളനായി മാറിയ കഥ അറിഞ്ഞതിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍നിന്ന് കള്ളനെ കാണാന്‍ കൂടുതലാളുകള്‍ പറക്കുന്നത്തേക്ക് എത്തി. ഏറെ നാളായി നാട്ടുകാരെ അലട്ടിയിരുന്ന യഥാര്‍ഥ കള്ളനെ പിടികൂടിയതിലുള്ള ആശ്വാസം പലരും പങ്കുവച്ചു. എന്തായാലും .പാലക്കാട് നഗരാതിർത്തിയിലെ പറക്കുന്നം ഗ്രാമവാസികൾക്ക് ഇനി സമാധാനമായി ഉറങ്ങാം.

Back to top button
error: