IndiaNEWS

ഹിമാചല്‍ കോണ്‍ഗ്രസിന് ‘പ്രിയങ്ക’രമാക്കിയ പ്രിയങ്ക

സിംല: മോദി പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയ മിന്നുംജയത്തിന്റെ പൂര്‍ണരൂപം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസിന് അത് ഏറെ ‘പ്രിയങ്ക’രം കൂടിയാകുകയാണ്. ഈ വിജയം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ തന്നെ പ്രചാരണ ചുമതല ഏറ്റെടുത്ത് സംസ്ഥാനത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് വിജയ മധുരത്തില്‍ ഏറെ പങ്കുണ്ട്. ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന അമ്മ സോണിയ ഗാന്ധി അസുഖ ബാധിതയായിരുന്നതിനാലും, സഹോദരനും മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായിരുന്നതിനാലും സംസ്ഥാനത്തേക്ക് എത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പ്രിയങ്ക കോണ്‍ഗ്രസിന്റെ താര പ്രചാരകയായി സംസ്ഥാനമാകെ നിറഞ്ഞു നിന്നു.

ഇതിനിടയില്‍ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സംസ്ഥാനത്ത് ശ്രദ്ധ പതിപ്പിച്ചെങ്കിലും വലിയ ശ്രദ്ധ നല്‍കിയത് ഗുജറാത്തിലായിരുന്നു. എന്നാല്‍ പ്രിയങ്ക ഒന്നിനും ഒരു കുറവും വരുത്തിയില്ല. വാഗ്ധാനങ്ങളും എതിരാളികള്‍ക്കുള്ള മറുപടി നല്‍കുന്ന കാര്യത്തിലുമെല്ലാം വലിയ രാഷ്ട്രീയ മികവ് തന്നെയായാരുന്നു ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരി കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മുഖ്യമന്ത്രി ജയ്‌റാം താക്കൂറിന്റെയുമെല്ലാം ആരോപണങ്ങള്‍ക്ക് സംസ്ഥാന ജനതയുടെ മനമറിഞ്ഞുള്ള മറുപടിയുമായാണ് പ്രിയങ്ക നിറഞ്ഞു നിന്നത്.

Signature-ad

വാഗ്ധാനങ്ങളുടെ കാര്യത്തില്‍ പ്രിയങ്ക ഗാന്ധി ഏവര്‍ക്കും മുന്നിലായിരുന്നു എന്നും പറയാം. നവംബര്‍ നാലാം തിയതി സംസ്ഥാനത്ത് നടത്തിയ വലിയ റാലിക്കിടെയുള്ള പ്രിയങ്കയുടെ പ്രഖ്യാപനം രാജ്യം ഒന്നാകെ ശ്രദ്ധിക്കുന്നതായിരുന്നു. ‘കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഗ്‌നിപഥ് പദ്ധതി റദ്ദാക്കും’ എന്നായിരുന്നു പ്രിയങ്ക അന്ന് പ്രഖ്യാപിച്ചത്. യുവതലമുറയുടെ ആവശ്യമാണ് അഗ്‌നിപഥ് പദ്ധതി റദ്ദാക്കുകയെന്നും ഉറപ്പായും കോണ്‍ഗ്രസ് അത് ചെയ്യുമെന്നും അവര്‍ വിശദീകരിക്കുകയും ചെയ്തു. അഗ്‌നിപഥിനെതിരായ പ്രചരണം റാലികളിലും റോഡ് ഷോയിലുമെല്ലാം പ്രിയങ്ക ആവര്‍ത്തിച്ചു. ഏറെക്കുറെ ഒരു കുടുംബത്തില്‍ ഒരാളെങ്കിലും സൈന്യത്തിലുണ്ട് എന്നതാണ് ഹിമാചലിനെക്കുറിച്ച് പൊതുവെ പറയാറുള്ളത് എന്ന കാര്യവും ഇവിടെ എടുത്തുപറയേണ്ടതാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ മനമറിഞ്ഞുള്ള പ്രഖ്യാപനമായി അത് മാറി എന്ന് വേണം വിലയിരുത്താന്‍.

 

Back to top button
error: