IndiaNEWS

ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി തുടരും; സത്യപ്രതിജ്ഞ 12ന്

അഹമ്മദാബാദ്: ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ നടത്തുക. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവുമായാണ് ബിജെപി അധികാരത്തിലെത്തിയത്.

ആകെയുള്ള 182 സീറ്റില്‍ 156 സീറ്റിലും ബിജെപി ഇപ്പോള്‍ വിജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് വെറും 18 സീറ്റിലേ ജയിക്കാനായുള്ളൂ. അതേസമയം ആദ്യമായി സംസ്ഥാനത്ത് പോരിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി അഞ്ചിടത്ത് മുന്നിലാണ്. സമാജ്വാദി പാര്‍ടി ഒരിടത്തും, സ്വതന്ത്രര്‍ രണ്ട് ഇടത്തും മുന്നിലുണ്ട്.

ആകെ പോള്‍ ചെയ്തതില്‍ 52 ശതമാനം വോട്ടും നേടിയാണ് ബിജെപി ഇക്കുറി അധികാരത്തിലേക്ക് കടക്കുന്നത്. ഏറ്റവും കൂടുതല്‍ കാലം ഒരു സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ചതിന്റെ സിപിഎം റെക്കോര്‍ഡ് കൂടെ ഇതോടെ ബിജെപിയുടെ പക്കലേക്ക് മാറും. അടുത്ത അഞ്ച് വര്‍ഷക്കാലം സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തിയാല്‍ ബിജെപിയാകും ഈ റെക്കോര്‍ഡിന്റെ അവകാശികള്‍.

മികച്ച വിജയം കൈവരിച്ച ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഗുജറാത്ത് ബി ജെ പി അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ തെരഞ്ഞെടുപ്പ് വിജയം മോദി മാജിക് എന്ന് വിശേഷിപ്പിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

 

Back to top button
error: