മലപ്പുറം ചെമ്മാട് സ്വദേശി സക്കീനാ അഹമ്മദ് സ്വന്തം പാസ്‌പോർട്ട് വിമാനത്തിനുള്ളിൽ മറന്നുവച്ചതു മൂലം ഉണ്ടായ പൊല്ലാപ്പുകൾ ചില്ലറയല്ല. സൗദിയിലെ റിയാദിൽ ഇറങ്ങാൻ കഴിയാതെ രണ്ടു രാത്രിയും ഒരു പകലും യുവതി വിമാനത്താവളത്തിൽ കുടുങ്ങി. കരിപ്പൂരിൽ നിന്നു റിയാദിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്തപ്പോഴാണ് പാസ്‌പോർട്ട് മറന്നു വച്ചത്. എന്നാൽ ഈ വിവരം റിയാദ് വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് സക്കീനാ ഓർമിച്ചത്.
വിമാനം ലാൻഡ് ചെയ്തത് ചൊവ്വ രാത്രി 11. 30 നാണ്. പാസ്‌പോർട്ട് വച്ച ബാഗ് എടുക്കാൻ മറന്ന സക്കീന ഉടനെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും തിരച്ചിലിൽ വിമാനത്തിനകത്തെ സീറ്റുകളിലൊന്നും പാസ്‌പോർട്ട് കണ്ടെത്താൻ സാധിച്ചില്ല. അതിനിടെ, വിശദമായ പരിശോധന നടത്തും മുൻപേ കോഴിക്കോട്ടേക്കുള്ള യാത്രക്കാരെയും വഹിച്ച് വിമാനം തിരിച്ചു പോയിരുന്നു.
വിവരമറിഞ്ഞു നാട്ടിലുള്ള മകൻ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും വിമാനത്താവള മേധാവിയേയും ചെന്നുകണ്ട് പരാതിപ്പെട്ടതിനെത്തുടർന്ന് വിമാനത്തിനുള്ളിൽ വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ സക്കീനയുടെ പാസ്‌പോർട്ട് കണ്ടെത്തി.
ഈ വിമാനം ബുധൻ അർധരാത്രിയാണ് വീണ്ടും റിയാദിലെത്തിയത്. അത്രയും സമയം വിമാനത്താവളത്തിൽ കാത്തിരുന്ന സക്കീന പാസ്‌പോർട്ട് കൈപ്പറ്റിയ ശേഷമാണ് പുറത്തിറങ്ങിയത്.