HealthLIFE

കൊറോണ മനുഷ്യനിർമ്മിത വൈറസ്, ചൈനീസ് സർക്കാരി​ന്റെ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽനിന്ന് ചോർന്നത്; വെളിപ്പെടുത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞൻ

ദില്ലി: കൊവിഡ് 19ന് കാരണമായ കൊറോണ മനുഷ്യനിർമ്മിത വൈറസ് ആണെന്ന് വുഹാനിലെ ലാബിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ. വൈറസ് ലാബിൽ നിന്ന് ചോരുകയായിരുന്നെന്നാണ് അമേരിക്കക്കാരനായ ശാസ്ത്രജ്ഞൻ ആൻഡ്രൂ ഹഫ് പറയുന്നത്. ഹഫിനെ ഉദ്ധരിച്ച് ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്റെ പുസ്തകത്തിൽ ഹഫ് ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

സർക്കാർ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിന്ന് വൈറസ് പുറത്തേക്ക് എത്തുകയായിരുന്നെന്നാണ് ഹഫ് പറയുന്നത്. അമേരിക്കയുടെ ധനസഹായത്തോടെയാണ് കൊറോണ വൈറസ് വ്യാപിക്കാനിട വന്നതെന്നും ഹഫ് ആരോപിക്കുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, സാംക്രമിക രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള എൻജിഒ സംഘടനയായ ഇക്കോ ഹെൽത്ത് അലയൻസിന്റെ മുൻ വൈസ് പ്രസിഡന്റാണ് മിസ്റ്റർ ഹഫ്. ചൈനയുടെ പരീക്ഷണങ്ങൾ മതിയായ സുരക്ഷയോടെ ആയിരുന്നില്ല നടത്തിയതെന്നും അതിന്റെ ഫലമായാണ് വുഹാൻ ലാബിൽ ചോർച്ചയുണ്ടായതെന്നും ഹഫ് തന്റെ പുസ്തകത്തിൽ അവകാശപ്പെടുന്നു.

Signature-ad

കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകളുടെ കേന്ദ്രമാണ് വുഹാൻ ലാബ്. ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരും ലാബ് തൊഴിലാളികളും വൈറസ് അവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു. “ലാബിൽ ശരിയായ ജൈവസുരക്ഷ, ബയോസെക്യൂരിറ്റി, റിസ്ക് മാനേജ്മെന്റ് എന്നിവ ഉറപ്പാക്കുന്നതിന് മതിയായ നിയന്ത്രണ നടപടികൾ ഇല്ലായിരുന്നു, വുഹാനിലെ ഇന്‌‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ലാബ് ചോർച്ചയ്ക്ക് ഇത് കാരണമായി.” ആൻഡ്രൂ ഹഫ് തന്റെ പുസ്തകത്തിൽ പറയുന്നു. കൊറോണ ജനിതക എഞ്ചിനീയറിംഗ് ഏജന്റാണെന്ന് ആദ്യ ദിവസം മുതൽ ചൈനയ്ക്ക് അറിയാമായിരുന്നു. അപകടകരമായ ബയോടെക്നോളജി ചൈനക്കാർക്ക് കൈമാറിയതിന് അമേരിക്കൻ സർക്കാരാണ് ഉത്തരവാദിയെന്നും ഹഫ് പറയുന്നു.

Back to top button
error: