കോഴിക്കോട് : കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്നും കോടികൾ തട്ടിയെടുത്ത സഭവത്തിലെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസ് ഫയൽ ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി.എ. ആന്റണിക്കാണ് അന്വേഷണ ചുമതല. പണം നഷ്ടപ്പെട്ടത് കോർപറേഷന് മാത്രമല്ലെന്നും ബാങ്കിൻറെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുക എത്രത്തോളം വരുമെന്നോ ഏതെല്ലാം അക്കൗണ്ടിൽ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തെയാകെ അമ്പരിപ്പിച്ച ബാങ്ക് തട്ടിപ്പിൻറെ വിവരം പുറത്ത് വന്ന് അഞ്ചാം നാളാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പണം തട്ടിയ ബാങ്ക് മാനേജർ എംപി റിജിൽ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുൻകൂർജാമ്യേപക്ഷ തിങ്കളാഴ്ച പരിഗണിക്കും.
അതിനിടെ, റിജിൽ തട്ടിയെടുത്തതായി കോഴിക്കോട് കോർപറേഷൻ പറയുന്ന തുകയും ബാങ്കിൻറെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തമില്ലെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന സൂചന. ഏഴ് അക്കൗണ്ടുകളിൽ നിന്നായി 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് മേയർ പറഞ്ഞതെങ്കിലും നഷ്ടമായത് 12 കോടിയോളം രൂപയെന്നാണ് നഷ്ടപ്പെട്ടതെന്നാണ് പഞ്ചാബ് നാഷണൽ ബാങ്കിൻറെ കണക്ക്. റിജിൽ കോർപറേഷൻ അക്കൗണ്ടിൽ നിന്നും തൻറെ പിതാവിൻറെ പേരിലുളള പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയ തുകയും പിന്നീട് ആക്സിസ് ബാങ്കിലേക്ക് മാറ്റിയ തുകയും ഒത്തുനോക്കിയാണ് ഓഡിറ്റ് വിഭാഗം ഈ നിഗമനത്തിൽ എത്തിയത്. ആക്സിസ് ബാങ്കിലെ ട്രേഡിംഗ് അക്കൗണ്ട് വഴിയായിരുന്നു റിജിൽ തുക ഓൺലൈൻ വഴി പിൻവലിച്ചത്. പണം നഷ്ടപ്പെട്ടത് കോർപറേഷന് മാത്രമല്ലെന്നും ബാങ്കിൻറെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുക എത്രത്തോളം വരുമെന്നോ ഏതെല്ലാം അക്കൗണ്ടിൽ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, നഷ്ടപ്പെട്ട മുഴുവൻ തുകയും മൂന്ന് ദിവസത്തിനകം അക്കൗണ്ടിൽ തിരികെ നിക്ഷേപിക്കണമെന്ന നിർദ്ദേശമാണ് കോർപറേഷൻ ബാങ്കിന് നൽകിയിട്ടുളളത്. കോർപറേഷൻ അവകാശപ്പെട്ട തുകയും ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ബാങ്കും കോർപറേഷനും തട്ടിപ്പ് നടന്ന കാലയളവിലെ ഇടപാടുകൾ വീണ്ടും പരിശോധിക്കുന്നുണ്ട്.