
വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്കെല്ലാം ഓൺലൈനിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രത്തിന്റെ പുതിയ ഗാനത്തിന്റെ അപ്‍ഡേറ്റാണ് ആരാധകർ ചർച്ചയാക്കുന്നത്.
എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ച ‘രഞ്‍ജിതമേ’ എന്ന ഗാനം അടുത്തിടെ ചിത്രത്തിലേതായി ഹിറ്റായിരുന്നു. രശ്‍മിക മന്ദാന നായികയാകുന്ന ചിത്രത്തിലെ രണ്ടാം ഗാനം ഡിസംബർ നാലിന് നാല് മണിക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക.
#VarisuSecondSingle – #TheeThalapathy 🔥
THE BOSS is all set to arrive on Dec 4th at 4PM 💥#Thalapathy @actorvijay sir @directorvamshi @iamRashmika @MusicThaman @Lyricist_Vivek @TSeries #BhushanKumar #KrishanKumar #ShivChanana #Varisu #VarisuPongal#30YearsOfVijayism pic.twitter.com/bpZIjNRLq4— Sri Venkateswara Creations (@SVC_official) December 2, 2022
മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എൻറർടെയ്‍നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ വിജയ്‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാർ, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.
ഒക്ടോബറിൽ ‘വരിശി’ന്റെ ചിത്രീകരണം തീർത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് വിജയ്‍യുടെ തീരുമാനം. ‘ദളപതി 67’ എന്ന് താൽക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകളുണ്ട്. ആക്ഷൻ കിംഗ് അർജുൻ വേഷമിടുന്ന ചിത്രത്തിൽ വില്ലനായി ബോളിവുഡ് നടൻ സഞ്‍ജയ് ദത്ത് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.