KeralaNEWS

കൂട്ടഅവധിയെടുത്ത അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് താക്കീത്

പാലക്കാട്: കൂട്ടഅവധിയെടുത്ത അഗളി സാമൂഹികാരോഗ്യകേന്ദ്രത്തിലെ അഞ്ച് ഡോക്ടര്‍മാര്‍ക്ക് താക്കീത്. പാലക്കാട് ഡിഎംഒയാണ് ഇവര്‍ക്ക് താക്കീത് നൽകിയത്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ജോജോ ജോണിനും മറ്റു ഡോക്ടര്‍മാര്‍ക്കുമാണ് താക്കീത് നൽകിയത്. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജനങ്ങൾക്ക് ആവശ്യമായ സേവനം ഉറപ്പ് വരുത്താനും ഡിഎംഒ സൂപ്രണ്ടിന് നിര്‍ദേശം നൽകി. അട്ടപ്പാടിയിൽ ഡ്യൂട്ടിയ്ക്ക് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാൽ കാത്തുനിന്ന വലഞ്ഞ രോഗി കുഴഞ്ഞു വീണിരുന്നു.

സംഭവം വാര്‍ത്തയായതോടെ പാലക്കാട് ഡിഎംഒ ആരോഗ്യകേന്ദ്രം സൂപ്രണ്ടിനോട് വിശദീകരണം തേടുകയായിരുന്നു. അഞ്ച് ഡോക്ടര്‍മാര്‍ ഒരുമിച്ച് അവധിയെടുക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഡിഎംഒ സൂപ്രണ്ടിന് നോട്ടീസ് നൽകിയത്. അവധി അപേക്ഷ നൽകാതെയാണ് അഞ്ച് ഡോക്ടർമാർ അവധിയെടുത്ത് മുങ്ങിയതെന്നാണ് സൂചന.

Signature-ad

ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികളുടെ ഏക ആശ്രയമാണ് അഗളി സാമൂഹികാരോഗ്യ കേന്ദ്രം. ഇവിടെ ആകെയുള്ളത് ഒൻപത് ഡോക്ടർമാരാണ്. ഇതിൽ ഒരാൾ ശബരിമല ഡ്യൂട്ടിക്കും മറ്റൊരാൾ ട്രയിനിംഗിനും പോയിരുന്നു. ഇങ്ങനെ ഡോക്ടര്‍മാരുടെ അംഗസംഖ്യ കുറഞ്ഞുനിൽക്കുമ്പോൾ ആണ് അഞ്ച് പേർ അനുമതിയില്ലാതെ അവധിയിൽ പോയത്. ബാക്കിയുള്ള ഒരു ഡോക്ടർ പോസ്റ്റുമോർട്ടം ഡ്യൂട്ടിയിലും മറ്റൊരാൾക്ക് ഈവനിംഗ് ഒ.പിയുമായിരുന്നു. ഇതോടെ ആശുപത്രിയിൽ രോഗികളെ ചികിത്സിക്കാൻ ഒരൊറ്റ ഡോക്ടർമാരുമില്ലാതായി.

രാവിലെ എത്തി മണിക്കൂറുകൾ കാത്തു നിന്നിട്ടും ഡോക്ടർമാർ എത്താതായതോടെ രോഗികൾ ബഹളം വയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തു .ഇതോടെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടും, കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലെ സുപ്രണ്ടും എത്തി രോഗികളെ പരിശോധിച്ചു.ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് പഞ്ചിംഗ് സംവിധാനം ഏർപ്പാടാക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. പലപ്പോഴും ജീവനക്കാർ ജോലിക്ക് സമയത്ത് എത്തുന്നില്ലെന്ന പരാതി ഇവിടെ ഉണ്ടാവാറുണ്ട്.

Back to top button
error: