കൊച്ചി: സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്പനി വിതരണം ചെയ്ത ശബരി അഗ്മാര്‍ക്ക് വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്റെയും മാലിന്യത്തിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ ആ ബാച്ചിലെ വെളിച്ചെണ്ണ എല്ലാ വില്പനശാലകളില്‍ നിന്നും ഡിപ്പോകളില്‍ നിന്നും തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം.
സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സി.എഫ്.ആര്‍.ഡി ലാബില്‍ പരിശോധിച്ച വെളിച്ചെണ്ണയിലാണ് മായം കണ്ടെത്തിയത്. റോയല്‍ എഡിബിള്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
കമ്പനിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുന്നത് അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സഞ്ജീവ് പട്ജോഷി അറിയിച്ചു. സ്റ്റോക്കുള്ള എല്ലാ ബാച്ചിലെയും സാമ്പിളുകള്‍ അടിയന്തരമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കാന്‍ എല്ലാ ഡിപ്പോ മാനേജര്‍മാര്‍ക്കും സപ്ലൈകോ നിര്‍ദ്ദേശം നല്‍കി.