തിരുവനന്തപുരം: ബിരുദ കോഴ്സുകളിലെ ഭാഷാപഠനം പരിമിതപ്പെടുത്തി കോളജ് പാഠ്യപദ്ധതി പരിഷ്‌കാരം. നിലവില്‍ നാലു സെമസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭാഷാപഠനം രണ്ടു സെമസ്റ്ററുകളിലേക്കു ചുരുക്കാനാണ് ശിപാര്‍ശ. ഭാഷ കൂടുതലായി പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രത്യേകം തെരഞ്ഞെടുക്കാവുന്ന കോഴ്സുകളും ക്രമീകരിക്കും. മുഖ്യവിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാനാകുന്ന വിധത്തില്‍ ബിരുദപഠനം പരിഷ്‌കരിക്കാനാണ് പുതിയ സംവിധാനം.
ഒന്നാംഭാഷ, രണ്ടാംഭാഷ, മുഖ്യവിഷയം എന്നതാണ് നിലവിലെ രീതി. ഇതുപരിഷ്‌കരിച്ച് ഫൗണ്ടേഷന്‍ കോഴ്സുകളാക്കും. നിര്‍ബന്ധിതം, വിഷയാധിഷ്ഠിതം, ഐച്ഛികം എന്നിങ്ങനെ ഫൗണ്ടേഷന്‍ കോഴ്സുകളെ ക്രമീകരിക്കും. വിഷയാധിഷ്ഠിത കോഴ്സുകള്‍ ശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായിരിക്കും. മുഖ്യവിഷയങ്ങള്‍ക്കു (മേജര്‍) പ്രാധാന്യം നല്‍കിയാകും പുതിയ പാഠ്യപദ്ധതി.
മുഖ്യവിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ ഭാഷാപഠന കോഴ്സുകള്‍ക്കുണ്ടാവുന്ന കുറവുനികത്താന്‍ മൈനര്‍, ഓപ്ഷണല്‍, ഇലക്ടീവ് കോഴ്സുകള്‍ കൊണ്ടുവരും. ഭാഷയില്‍ താത്പര്യമുള്ളവര്‍ക്ക് ഇവ തെരഞ്ഞെടുക്കാം. മികച്ചരീതിയില്‍ ഭാഷ കൈകാര്യംചെയ്യാനാകുന്ന കോഴ്സുകള്‍ രൂപകല്പനചെയ്തു ഭാഷാപഠനം ഗൗരവമുള്ളതാക്കും.
ഫൗണ്ടേഷന്‍, സ്‌കില്‍, ജനറല്‍ ഇലക്ടീവ്, കോര്‍, ഇലക്ടീവ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കോഴ്സ് ബാസ്‌കറ്റുകളാണ് പാഠ്യപദ്ധതി പരിഷ്‌കാരത്തിലെ മറ്റൊരു പ്രത്യേകത. വിദ്യാര്‍ഥികള്‍ അവരുടെ താത്പര്യമനുസരിച്ച് ആവശ്യമായ അത്രയും കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ ഇതുവഴി സാധിക്കും.
എല്ലാവിഷയങ്ങളിലും ഫൗണ്ടേഷന്‍ കോഴ്സുകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഓരോവിദ്യാര്‍ഥിയും പ്ലസ്ടുവിന് എന്തുപഠിച്ചെന്നു കണക്കാക്കി ആവശ്യമായ ഫൗണ്ടേഷന്‍ കോഴ്സുകള്‍ നിശ്ചയിക്കും. പ്ലസ്ടുവില്‍ പഠിക്കാത്ത വിഷയങ്ങള്‍ക്ക് വലിയ ഫൗണ്ടേഷനും നല്‍കും. ഇതിനെല്ലാം വഴിയൊരുക്കുന്നതാകും പുതിയ പാഠ്യപദ്ധതി.