KeralaNEWS

വിഴിഞ്ഞത്ത് പ്രത്യേക പോലീസ് സംഘം; നിശാന്തിനിക്ക് ചുമതല, ധൃതിപിടിച്ച് അറസ്റ്റില്ല

തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ക്രമസമാധാന പാലനത്തിന് പ്രത്യേക പോലീസ് സംഘം. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി: ആര്‍. നിശാന്തിനിയെ സ്പെഷ്യല്‍ പോലീസ് ഓഫീസറായി നിയമിച്ചു. എസ്.പിമാരും, ഡിവൈ.എസ്.പിമാരും, സി.ഐമാരും ഉള്‍പ്പെട്ടതാണ് പ്രത്യേക സംഘം. വിഴിഞ്ഞത്ത് അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. വിവിധ ക്യാമ്പുകളില്‍നിന്നും പോലീസ് ഉദ്യോഗസ്ഥരെ വിഴിഞ്ഞത്ത് നിയോഗിച്ച് സുരക്ഷ ശക്തമാക്കി. അധികമായി വിന്യസിച്ച ഈ പോലീസ് ഉദ്യോഗസ്ഥരുടെയടക്കം ഏകോപന ചുമതല നിശാന്തിനിക്കായിരിക്കും.

അതിനിടെ, വിഴിഞ്ഞത്ത് ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. അക്രമ സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണിത്. കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെങ്കിലും ധൃതിപിടിച്ച് അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. 3000-ത്തോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞശേഷം അറസ്റ്റിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിയുന്നതിലെ പരിമതിയും പരിഗണിച്ചാണിത്.

അതേസമയം, ശബരിമലയില്‍നിന്നടക്കം കൂടുതല്‍ പോലീസുകാര്‍ ഇന്ന് വിഴിഞ്ഞത്തെത്തും. സന്നിധാനത്ത് അഡീഷണല്‍ ഡ്യൂട്ടിലിലുണ്ടായിരുന്ന പോലീസുകാരോടാണ് ഉടന്‍ വിഴിഞ്ഞത്തെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേറിയ സ്ഥലത്ത് പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം ഹാര്‍ബര്‍ പരിസരത്തും പദ്ധതി പ്രദേശത്തുമടക്കം പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച രാത്രിയാണ് വിഴിഞ്ഞത്ത് കലാപത്തിന് സമാനമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ച നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുള്‍പ്പെടെ രണ്ടായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന്‍ വളയുകയായിരുന്നു. ചിലര്‍ അകത്തേക്ക് ഇരച്ചുകയറി മരത്തടി ഉപയോഗിച്ച് സ്റ്റേഷന്റെ ഫ്രണ്ട് ഓഫീസ് അടിച്ചുതകര്‍ത്തു. 36 പോലീസുകാര്‍ക്ക് പരുക്കേറ്റു. എഫ്.ഐ.ആര്‍ രേഖകള്‍ അക്രമികള്‍ കീറിയെറിഞ്ഞു.

സമരക്കാര്‍ നാലു പോലീസ് വാഹനങ്ങള്‍ തകര്‍ത്തിരുന്നു. സ്റ്റേഷനുള്ളില്‍ പോലീസിനെ ബന്ദിയാക്കിയായിരുന്നു പ്രതിഷേധം. ഒരു പോലീസുകാരന്റെ കാലൊടിഞ്ഞു. മൂന്നുതവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല. ദ്രുതകര്‍മസേന ഉള്‍പ്പെടെയുള്ള കൂടുതല്‍ പോലീസ് സേനയെത്തി ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

 

 

Back to top button
error: