തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ആക്രമണം നടത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സൈനികന്‍ വീടു കയറി വീട്ടമ്മയെയും മകനെയും മര്‍ദിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍. ഭരതന്നൂര്‍ കൊച്ചാനക്കല്ലുവിള സ്വദേശി വിമല്‍വേണു(29)വിനെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കൊച്ചാനക്കല്ലുവിള വീട്ടിലെത്തിയ സൈനികന്‍ വീട്ടമ്മയോട് ഭര്‍ത്താവിനെ തിരക്കി, ഇല്ലെന്നറിയിച്ചപ്പോള്‍ വീട് ചവുട്ടിത്തുറന്നു അകത്തു കയറുകയും ഇവരേയും മകനേയും മര്‍ദിക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇയാളെ അറസ്റ്റുചെയ്തു മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി.
രണ്ടാഴ്ചയ്ക്കുമുന്‍പാണ് ഇയാള്‍ മദ്യലഹരിയില്‍ കല്ലറയിലെ സ്വകാര്യ ആശുപത്രിയിലെത്തുകയും ഡോക്ടറേയും നഴ്സടക്കമുള്ള ജീവനക്കാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ പാങ്ങോട് പോലീസിനേയും അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.
തുടര്‍ന്ന് ഒളിവില്‍പ്പോയ ഇയാളെ പത്തനംതിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയവേ പോലീസ് പിടികൂടിയത്. എന്നാല്‍, അന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തില്‍ കഴിഞ്ഞുവരവേയാണ് പുതിയ സംഭവം. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.