പാലക്കാട്: പാലക്കാട് കൊല്ലങ്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. മുതലമട സ്വദേശി കബീർ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ മധുര സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുതലമടയിലെ മാങ്ങ കർഷകനാണ് കബീർ, ഇന്ന് ഉച്ചയ്ക്ക് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു. പെട്ടെന്നാണ് പിറകിലെത്തിയ പ്രതികളുടെ കാർ ബൈക്കിനെ പിറകിൽ നിന്ന് ഇടിച്ചിട്ടത്. അപകടത്തില്‍ കാലിന് പരിക്കേറ്റ കബീറിനെ ആശുപത്രിയിലേക്ക് ഉടൻ കൊണ്ട് പോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റുന്നു. തുടര്‍ന്ന് കബീറിന്‍റെ സുഹൃത്തിനെ കയറ്റാതെ കാറെടുത്ത് സംഘം അതിവേഗം പാഞ്ഞു. മീനാക്ഷിപുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടർന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വഴിയിൽ വെച്ച് കാർ തടഞ്ഞ് കബീറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കൊല്ലങ്കോട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.
മധുര സ്വദേശികളായ വിജയ്, ഗൗതം ,ശിവ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്. കബീർ പലപ്പോഴായി 38 ലക്ഷം രൂപ വാങ്ങിയിരുന്നതായി പ്രതികൾ മൊഴി നൽകി. ഇത് എന്തിന് വേണ്ടിയായിരുന്നെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.