ഭോപ്പാല്‍: ഭാരത് ജോഡോ യാത്രക്കിടെ തിരക്കില്‍പ്പെട്ട് വീണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് പരുക്ക്. ഇന്ന് രാവിലെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വെച്ചാണ് അപകടം നടന്നത്. രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് സാധിക്കാതെ വന്നതോടെയാണ് കെ സി വേണുഗോപാല്‍ നിലത്തുവീണത്.
കൈയ്ക്കും കാല്‍മുട്ടിനും പരുക്കേറ്റ വേണുഗോപാലിന് യാത്ര ക്യാംപില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം, യാത്ര തുടര്‍ന്നു.
അതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശില്‍ പര്യടനം തുടരുകയാണ്. ഓരോ പ്രദേശത്തും രാഹുല്‍ ജനങ്ങളുമായി സംവദിക്കുന്നതിന്റെയും കായിക അഭ്യാസങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെയും വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ജനങ്ങള്‍ക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്.
മഹുവിലെ അംബേദ്കര്‍ നഗറിലാണ് രാഹുല്‍ ഗാന്ധി ബൈക്ക് യാത്ര നടത്തിയത്. രണ്ടു സൈഡില്‍ നിന്നും ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ചു കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.മൃഗസംരക്ഷണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി രാഹുല്‍ ഗാന്ധിയെ തിരക്കിയെത്തിയ രണ്ടുപേരുടെ ബൈക്കിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. ഇവര്‍ക്കൊപ്പം കൊണ്ടുവന്ന ‘മാര്‍വല്‍’ എന്ന നായയേയും നടക്കുന്നതിനിടെ രാഹുല്‍ തന്റെ കൂടെക്കൂട്ടി.