കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തിൽ വെച്ച് 19 കാരിയായ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.ആക്രമിക്കപെട്ട യുവതിയുടെ സുഹൃത്തും പീഡനത്തിന് ഒത്താശ ചെയ്തെന്ന് കരുതുന്ന ഡിംപിൾ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിൻ , സുധീപ് , വിവേക് എന്നീ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ പൊലീസ് ഇനി ഇവരെ കസ്റ്റഡില്‍ ആവശ്യപെടില്ല.
ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാർ അടക്കമുള്ള സ്ഥലങ്ങളിൽ പ്രതികളെ എത്തിച്ച് പോലീസ് പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. അതിനിടെ വക്കാലത്ത് ഇല്ലാതെ കോടതി മുറിയിലെത്തി പ്രതിഭാഗം അഭിഭാഷകനോട് കയർത്ത പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരിനോട് ബാർ കൗൺസിൽ വിശദീകരണം തേടിയിരിക്കുകയാണ്.
കൂട്ട ബലാത്സംഗ കേസിൽ വക്കാലത്ത് ഇല്ലാതെ പ്രതി ഡിംപിളിന് വേണ്ടി ഹാജരാവുകയും അവരുടെ അഭിഭാഷകനോട് കോടതി മുറിയിൽ വച്ച് തർക്കിക്കുകയും ചെയ്തതിനാണ് നോട്ടീസ്. സംഭവത്തിൽ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടെങ്കിൽ രണ്ട് ആഴ്ചയ്ക്കകം രേഖാമൂലം അറിയിക്കാനാണ് നിർദേശം. ആളൂരിനെക്കൂടാതെ അഞ്ച് അഭിഭാഷകരിൽ നിന്ന് കൂടി ബാർ കൗൺസിൽ വിശദീകരണം തേടിയിട്ടുണ്ട്.