കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടിലെ അസ്വാഭാവിക സംഭവങ്ങള്‍ക്കുപിന്നില്‍ എട്ടാം ക്ലാസ്സുകാരനെന്നു പോലീസ് കണ്ടെത്തല്‍. സൈബര്‍ സെല്‍, വൈദ്യുതി ബോര്‍ഡ്, ഇലക്ട്രോണിക്‌സ് വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ദുരൂഹതകള്‍ക്കുപിന്നില്‍ വീട്ടിലെതന്നെ കുട്ടിയുടെ വികൃതികളാണെന്നു കണ്ടെത്തിയത്. വാട്‌സാപ്പ് സന്ദേശമെത്തിയശേഷം ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിച്ച് ബോര്‍ഡുകളും പൊട്ടിത്തെറിക്കുകയും തകരാറിലാകുകയും ചെയ്യുന്നെന്നായിരുന്നു പരാതി.
നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തില്‍ രാജന്റെ വീട്ടിലാണ് സംഭവങ്ങള്‍ അരങ്ങേറിയത്. രാജന്റെ ഭാര്യ വിലാസിനിയുടെ ഫോണില്‍നിന്നാണ് മകള്‍ സജിതയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നത്. വിലാസിനിയുടെ വാട്‌സാപ്പ് തന്റെ ഫോണിലെ വാട്‌സാപ്പുമായി ലിങ്ക് ചെയ്ത് കുട്ടിതന്നെയാണ് സന്ദേശങ്ങള്‍ അയച്ചിരുന്നതെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇതോടെയാണ് ദുരൂഹതയുടെയും കെട്ടുകഥയുടെയും പിന്നിലെ ചുരുള്‍ അഴിഞ്ഞത്.
വീട്ടുകാരെ അമ്പരപ്പിക്കുന്നതിനുവേണ്ടി ചെയ്തതെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. മറ്റുനമ്പരുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുക, മോട്ടോറിന്റെ സ്വിച്ച് മുന്‍കൂട്ടി ഓണ്‍ ചെയ്തശേഷം ഇപ്പോള്‍ നിറയുമെന്നു സന്ദേശം നല്‍കുക, വൈദ്യുതി ഇപ്പോള്‍ പോകുമെന്ന സന്ദേശം നല്‍കിയശേഷം ബ്രേക്കറുകള്‍ ഓഫ് ചെയ്യുക, സ്വിച്ച് ബോര്‍ഡില്‍ വയറുകള്‍ ഷോര്‍ട്ടാക്കിയശേഷം വൈദ്യുതോപകരണങ്ങള്‍ തകരാറിലാക്കുകയും മുന്‍കൂട്ടി സന്ദേശം അയയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു ബാലന്റെ വികൃതികള്‍. വീട്ടുകാര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ നിറവും സംഭാഷണവിഷയവുംവരെ മെസേജുകളായി എത്തിയതോടെ എല്ലാവരും പരിഭ്രാന്തരായി.
ചാത്തന്‍ സേവയെന്നും തങ്ങളെ അപായപ്പെടുത്താനുള്ള നീക്കമെന്നുമെല്ലാം സംഭവം വ്യാഖ്യാനിക്കപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ രാജവിലാസത്തിലെ ദുരൂഹതകള്‍ വൈറലായി. വീട്ടിലെ 11 സ്വിച്ച് ബോര്‍ഡുകള്‍ മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷന്‍, രണ്ട് പമ്പിങ് മോട്ടറുകള്‍, ഒരുമിക്‌സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി.
വാര്‍ത്തകള്‍ വൈറലായതോടെയാണ് കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചതും രണ്ടുദിവസത്തിനുള്ളില്‍ ബാലവികൃതിയെന്നു കണ്ടെത്തിയതും. കേസെടുക്കാതെയും സംഗതികള്‍ വീട്ടുകാരെ ബോധ്യപ്പെടുത്തിയും കേസ് അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.