സംസ്ഥാനത്ത് ‘ആവശ്യാനുസരണം അങ്കണവാടി’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 203 അങ്കണവാടികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാന സർക്കാർ ഇത് വേണ്ടെന്നുവെച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം പണം സർക്കാരിനു മാത്രമായി കണ്ടെത്താനാവില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് നൽകുന്ന വിശദീകരണം. അങ്കണവാടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതോടെ 203 അങ്കണവാടികളും സറണ്ടർ ചെയ്തു.
അങ്കണവാടികൾ അനുവദിക്കാൻ ജനപ്രതിനിധികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടതോടെയാണ് കേന്ദ്രം അങ്കണവാടികൾക്ക് അനുമതി നൽകിയത്. നിലവിലെ സാഹചര്യത്തിൽ പുതിയ അങ്കണവാടികൾ തുടങ്ങുന്നത് പരിഗണിക്കാൻ സാധിക്കില്ലെന്നാണ് വനിത, ശിശുവികസന വകുപ്പ് പറയുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാൻ ശിശുവികസന പദ്ധതി ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അങ്കണവാടികൾ തുടങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാവില്ലെങ്കിൽ പ്രവർത്തനരഹിതമോ ആവശ്യമില്ലാത്തതോ ആയ അങ്കണവാടികളുണ്ടെ ങ്കിൽ പുനർ വിന്യസിക്കണമെന്നാണ് നിർദേശം. കേന്ദ്രാനുമതി കൂടാതെ സംസ്ഥാനങ്ങൾക്ക് അങ്കണവാടികളെ സ്ഥാന പുനർനിർണയം നടത്താൻ കഴിയും.