ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കാസര്‍കോടുകാരി യുവതിയില്‍ നിന്നും ഏഴ് ലക്ഷം രൂപ കവര്‍ന്ന കേസില്‍ പ്രതിയായ യുപിയിലെ ’19കാരന്‍ പയ്യനെ’ സൈബര്‍ പൊലീസ് സാഹസികമായി പിടികൂടി.കാസര്‍കോട് മധൂര്‍ സ്വദേശിയായ യുവതിയെ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടാണ് 19കാരനായ ബാലൻ തട്ടിപ്പ് നടത്തിയത്.
ഉത്തര്‍പ്രദേശിലെ മുഹമ്മദ് ശാരികി(19)നെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഇയാൾ പണം അടങ്ങിയ ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തവണകളായി 7,00,500 രൂപ തട്ടിയെടുത്തത്. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദേശപ്രകാരം സൈബര്‍ പൊലീസ് ഉത്തര്‍പ്രദേശിലെ സിങ്ഹായിലെത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. കാസര്‍കോട് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
2022 സെപ്റ്റംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് ഇന്‍സ്റ്റാഗ്രാം വഴിയും പിന്നീട് വാട്സ്ആപ് വഴിയും ചാറ്റ് ചെയ്ത് ബന്ധം സ്ഥാപിച്ചാണ് ഗിഫ്റ്റ് അയച്ചു നല്‍കാമെന്ന് പറഞ്ഞ് ഏഴ് ലക്ഷം രൂപ തട്ടിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
ഇന്‍സ്പെക്ടര്‍ കെ പ്രേംസദന്‍, എ.എസ്.ഐ എ.വി പ്രേമരാജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.വി സവാദ് അഷറഫ്, കെ.വി ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉത്തര്‍പ്രദേശിലെത്തി പ്രതിയെ പിടികൂടിയത്.