KeralaNEWS

കാല്‍നടയായി ഹജ്ജ്: ഷിഹാബ് ചോറ്റൂരിന് വീസ നിഷേധിച്ച് പാകിസ്താന്‍

മലപ്പുറം: കാല്‍നടയായി ഹജ്ജിനു പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വീസ നിഷേധിച്ച് പാകിസ്താന്‍. പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമര്‍പ്പിച്ച അപേക്ഷയാണ് ലാഹോര്‍ ഹൈക്കോടതി തള്ളിയത്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്ന ഷിഹാബ് കഴിഞ്ഞ ഒരു മാസമായി വിസ ലഭിക്കാതെ വാഗാ അതിര്‍ത്തിയില്‍ തുടരുകയാണ്.

ഷിഹാബിനു വേണ്ടി പാക് പൗരനായ സര്‍വാര്‍ താജ് ആണ് അപേക്ഷ സമര്‍പ്പിച്ചത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ തീരുമാനത്തെ ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു. ജസ്റ്റിസ് ചൗധരി മുഹമ്മദ് ഇഖ്ബാല്‍, ജസ്റ്റിസ് മുസാമില്‍ അക്തര്‍ ഷബീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്.

ബാബ ഗുരുനാക്കിന്റെ ജന്മദിനത്തോടും മറ്റും അനുബന്ധിച്ച് ഇന്ത്യന്‍ സിഖുകാര്‍ക്ക് പാകിസ്താന്‍ വീസ നല്‍കാറുണ്ട്. ഇത്തരത്തില്‍ ഷിഹാബിനും വീസ നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് കടക്കാന്‍ അനുവദിച്ചാല്‍ അദ്ദേഹത്തിനു ലക്ഷ്യത്തിലെത്താമെന്നും സര്‍വാര്‍ താജ് ഹര്‍ജിയില്‍ സൂചിപ്പിച്ചു. എന്നാല്‍, ഹര്‍ജിക്കാരന് ഇന്ത്യന്‍ പൗരനുമായി ബന്ധമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ സമീപിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണിയും ഹര്‍ജിക്കാരന്റെ കൈവശമില്ല. ഷിഹാബിന്റെ പൂര്‍ണ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജൂണ്‍ രണ്ടിനാണ് ആതവനാട് ചോറ്റൂരിലെ ചേലമ്പാടന്‍ തറവാട്ടില്‍ നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്.

 

Back to top button
error: