തിരുവനന്തപുരം പുതിയതുറയിൽ തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന് തിരയില്‍പെട്ട് ദാരുണാന്ത്യം. പൂവാര്‍ കരുംകുളം കുളപ്പുര ഹൗസില്‍ ഉണ്ണി- സജിത ദമ്പതികളുടെ മകന്‍ ഫാബിയോ ആണ് പുതിയതുറ ഫിഷ് ലാന്റിംഗ് സെന്ററിന് സമീപത്തുവച്ച് മരിച്ചത്.
കുഞ്ഞിനെ മുതിര്‍ന്ന സഹോദരനെ ഏല്‍പിച്ച ശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് അപകടം നടന്നതെന്നും കുട്ടിയുടെ സഹോദരന്റെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടി കടല്‍ത്തീരത്തേക്ക് പോയി അപകടത്തില്‍ പെടുകയായിരുന്നുവെന്നും പൂവാര്‍ കോസ്റ്റല്‍ പൊലീസ് പറഞ്ഞു.
സഹോദരന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷപ്പെടുത്തി കാഞ്ഞിരംകുളത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം, വിദഗ്ദ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തിരുവനന്തപുരം മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പുതിയതുറയില്‍ സെന്റ് നികോളസ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൂവാര്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു