ഭോപ്പാല്‍: പിറന്നാളാഘോഷം ഫെയ്‌സ്ബുക്കില്‍ ലൈവിട്ടതിനു പിന്നാലെ ഗ്രാമത്തലവന്‍ അകത്തായി! നിയമവിരുദ്ധമായി കൈയ്യില്‍ വച്ചിരുന്ന തോക്ക് കൊണ്ട് പിറന്നാള്‍ കേക്ക് മുറിച്ചതാണ് പുലിവാലായത്. ബുധനാഴ്ച മധ്യപ്രദേശിലായിരുന്നു വിവാദമായ ഈ പിറന്നാളാഘോഷം.
ഭിന്ദ് ജില്ലയിലെ ഗോണ പഞ്ചായത്തിലെ ഗ്രാമത്തലവന്‍ രാജു ഭദോരിയയുടേതായിരുന്നു പിറന്നാള്‍. സ്വല്‍പം വ്യത്യസ്തമായ രീതിയില്‍ പിറന്നാളാഘോഷിക്കണം എന്ന് കരുതിയാവണം രാജു കേക്ക് തോക്ക് കൊണ്ട് മുറിച്ചത്. ഒരു നാടന്‍ നിര്‍മ്മിത തോക്കാണ് ഇതിന് വേണ്ടി ഉപയോഗിച്ചത്. തമാഞ്ച എന്നാണ് ഈ തോക്ക് അറിയപ്പെടുന്നത്.
വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിന് പിന്നാലെ പോലീസും സംഭവം അന്വേഷിച്ചു. ഫെയ്‌സ്ബുക്ക് ലൈവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തലവന്റെ കൈവശം ഉണ്ടായിരുന്ന തോക്കും വെടിയുണ്ടകളും പിടിച്ചെടുക്കുകയും ചെയ്തു.
2021 ജനുവരിയില്‍ ഉത്തര്‍പ്രദേശിലെ ഹാപുരില്‍ രണ്ട് പേര്‍ ഇതുപോലെ ഒരു നാടന്‍ നിര്‍മ്മിത പിസ്റ്റള്‍ ഉപയോഗിച്ച് ജന്മദിന കേക്ക് മുറിച്ചിരുന്നു. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഷാനവാസ്, ഷാക്കിബ് എന്നീ രണ്ട് യുവാക്കളെ അവരുടെ സുഹൃത്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതും കാണാമായിരുന്നു. പിന്നാലെ, രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.