CrimeNEWS

മംഗളൂരു സ്ഫോടനം: പ്രതിയെ തിരിച്ചറിഞ്ഞു; U.A.P.A കേസിലും പ്രതി

മംഗളൂരു: ഓട്ടോറിക്ഷയില്‍ സ്ഫോടനം നടത്തിയയാള്‍ തീവ്രവാദക്കേസില്‍ പോലീസ് തിരയുന്ന പ്രതിയാണെന്ന് സ്ഥിരീകരണം. തീര്‍ഥഹള്ളി സ്വദേശിയായ മുഹമ്മദ് ഷാരീഖ് (24) നെയാണ് തിരിച്ചറിഞ്ഞത്. തീവ്രവാദസംഘടനയായ അല്‍ഹിന്ദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇയാള്‍
സെപ്റ്റംബര്‍ മുതല്‍ ഒളിവിലായിരുന്നു.

പോലീസ് രേഖകളില്‍നിന്നാണ് ഓട്ടോറിക്ഷയില്‍ സ്ഫോടനം നടത്തിയ യാത്രക്കാരന്‍ ഷാരിഖ് ആണെന്ന് തിരിച്ചറിഞ്ഞത്. പരുക്കേറ്റ് ചികിത്സയിലുള്ള പ്രതിയുടെ ചിത്രങ്ങള്‍ ബന്ധുക്കളും തിരിച്ചറിഞ്ഞു. അതേസമയം, മംഗളൂരു സ്ഫോടനക്കേസില്‍ ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സ്ഫോടനത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ പ്രതിയെ ചോദ്യംചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ പ്രതികരണം.

മംഗളൂരുവിലെ കെട്ടിടങ്ങളില്‍ താലിബാനെയും ലഷ്‌കര്‍ ഇ-തൊയിബയെയും പിന്തുണച്ചുള്ള ചുമരെഴുത്ത് നടത്തിയതിന്റെ പേരില്‍ ഷാരിഖിനെ 2020-ല്‍ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യു.എ.പി.എയും ചുമത്തി. ഈ കേസില്‍ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി അടുത്തിടെ ശിവമോഗയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലും പ്രതിയായി. ശിവമോഗയില്‍ നടന്ന സംഘര്‍ഷത്തില്‍ ഐ.എസ്. ബന്ധമുള്ള ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്ന് സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഷാരിഖ് ആണ് ബോംബ് നിര്‍മാണത്തിലടക്കം ഇവര്‍ക്ക് പരിശീലനം നല്‍കിയതെന്ന് കണ്ടെത്തിയത്. കേസില്‍ പ്രതിചേര്‍ത്തതോടെ ഇയാള്‍ വീട്ടില്‍നിന്ന് മുങ്ങുകയും ഒളിവില്‍ കഴിഞ്ഞുവരികയുമായിരുന്നു.

അതിനിടെ, ഷാരിഖിന്റെ മൈസൂരുവിലെ വാടകവീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ് മൈസൂരുവിലെ ഒറ്റമുറി വീട്ടില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞമാസമാണ് നഗരത്തിലെ ഒറ്റമുറി വീട് പ്രതി വാടകയ്ക്കെടുത്തതെന്നാണ് മൈസൂരുവിലെ വീട്ടുടമയുടെ മൊഴി. മൊബൈല്‍ ഫോണ്‍ റിപ്പയറിങ് തൊഴിലിനായി മൈസൂരുവില്‍ വന്നതാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നതെന്നും വീട്ടുടമ പോലീസിനോട് പറഞ്ഞു.

ഷാരിഖ് ഉപയോഗിച്ചിരുന്നത് വ്യാജ തിരിച്ചറിയില്‍ രേഖകളായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ‘പ്രേംരാജ് ഹുദഗി’ എന്നയാളുടെ പേരിലുള്ള ആധാര്‍ കാര്‍ഡാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ പേരിലുള്ളയാള്‍ ഹൂബ്ബള്ളി സ്വദേശിയാണെന്നും റെയില്‍വേ ജീവനക്കാരനാണെന്നും തിരിച്ചറിഞ്ഞു. തന്റെ ആധാര്‍ കാര്‍ഡ് നേരത്തെ നഷ്ടപ്പെട്ടിരുന്നതായി പ്രേംരാജ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുതിയ കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ടെന്നും കളഞ്ഞുപോയ കാര്‍ഡ് എങ്ങനെയാണ് സ്ഫോടനക്കേസില്‍ ഉള്‍പ്പെട്ടയാളുടെ കൈവശമെത്തിയതെന്ന് അറിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനായ ഷാരിഖിനും പരുക്കേറ്റു. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നായിരുന്നു ഡ്രൈവറുടെ മൊഴി. സ്ഫോടനം നടന്ന ഓട്ടോയില്‍നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ പ്രഷര്‍ കുക്കറും ബാറ്ററികളും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിന് തീവ്രവാദബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചത്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യാത്രക്കാരന്‍ തന്നെയാണ് സംഭവത്തിന് പിന്നിലെന്നും നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു.

 

 

 

 

Back to top button
error: