Sports

ലോകകപ്പ് മത്സരങ്ങൾ തത്സമയം മൊബൈൽ ഫോണിലടക്കം ഇന്ത്യയിൽ സൗജന്യമായി കാണാം, ഉദ്ഘാടനച്ചടങ്ങുകൾ രാത്രി 7:30നും മത്സരം രാത്രി 9:30 നും

ദോഹ:  അങ്ങനെ കാത്തിരിപ്പുകൾക്ക് അവസാനമാകുന്നു. കാൽപന്ത് കളിക്ക് ലോകം ഉറ്റുനോക്കുന്ന ഖത്തർ ലോകകപ്പിന് ഇന്ന് കിക്കോഫ്. രാത്രി 7:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. രാത്രി 9:30 ന് മത്സരം അരങ്ങേറും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആഘോഷത്തിമർപ്പോടെ കിക്കോഫിന് ഖത്തർ പൂർണ സജ്ജം.

ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിനെ നേരിടും. 32 ടീമുകൾ, 64 മത്സരങ്ങൾ , എണ്ണിയാൽ ഒടുങ്ങാത്ത അതി മനോഹര മുഹൂർത്തങ്ങൾ . എല്ലാം ഇനി കായിക ലോകത്തിന് സ്വന്തം.

ലിയോണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നെയ്മറും എംബാപ്പെയും മുള്ളറും ഉൾപ്പെടെ 736 കളിക്കാരാണ് ഖത്തറിൽ പന്ത് തട്ടുക. ഖത്തറിലെ 8 സ്റ്റേഡിയങ്ങൾ ഫുട്ബോൾ മാന്ത്രികക്കാഴ്ചകൾക്ക് തയ്യാറെടുത്തു കഴിഞ്ഞു.

29 ദിനരാത്രങ്ങൾ, ലോകം കണ്ട ഏറ്റവും മനോഹര ഉത്സവമായി ഖത്തർ ലോകകപ്പ് മാറും. ഡിസംബർ 18 ന് ഐക്കണിക് സ്റ്റേഡിയമായ ലുസൈലിൽ നടക്കുന്ന ഫൈനലോടെ വിശ്വ കാൽപന്ത് കളി മാമാങ്കത്തിന് കൊടിയിറങ്ങും.

എട്ട്‌ രാജ്യങ്ങൾ മാത്രമാണ്‌ ലോകകപ്പ്‌ സ്വന്തമാക്കിയിട്ടുള്ളത്‌. ബ്രസീൽ അഞ്ചു തവണ കിരീടം നേടിയപ്പോൾ ജർമനി, ഇറ്റലി ടീമുകൾ നാലു തവണ ലോകകിരീടം ചൂടി. അർജന്റീനയും ഫ്രാൻസും ഉറുഗ്വേയും രണ്ട്‌ തവണവീതം ജേതാക്കളായി. ഇംഗ്ലണ്ടും സ്‌പെയിനും ഓരോ തവണ വീതം കിരീടത്തിൽ മുത്തമിട്ടു.

ലോകകപ്പ്‌ ആവേശത്തിൽ മുൻപന്തിയിൽ കൊച്ചു കേരളവുമുണ്ട്‌. ലോകകപ്പ്‌ കേരളത്തിന്‌ ഇത്രയടുത്ത്‌ എത്തുന്നതും ആദ്യം. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും ഇത്. ഇനി കണ്ണിമ ചിമ്മാതെ ലോകം മുഴുവൻ ഖത്തറിലേക്ക് ഉറ്റുനോക്കുന്ന ഉറക്കമില്ലാത്ത ദിനരാത്രങ്ങൾ

ഫുട്‍ബോൾ പ്രേമികൾക്ക് എല്ലാ മത്സരങ്ങളും കാണാൻ മികച്ച സൗകര്യമുണ്ട്.

തത്സമയ സംപ്രേക്ഷണം ഇന്ത്യയിൽ എങ്ങനെ കാണാം?

എല്ലാ ഫിഫ ലോകകപ്പ് മത്സരങ്ങളും ഇന്ത്യയിൽ സ്‌പോർട്‌സ് 18, സ്‌പോർട്‌സ് 18 എച്ച്‌ഡി ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമാ ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലഭ്യമാകും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, ബംഗാളി എന്നീ അഞ്ച് ഭാഷകളിൽ മത്സരങ്ങൾ, ഹൈലൈറ്റുകൾ, മറ്റ് ഫിഫ ലോകകപ്പ് വിശേഷങ്ങൾ എന്നിവയുടെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തത്സമയ സ്ട്രീമിംഗ് കാണാൻ ജിയോ സിം തന്നെ വേണമെന്നില്ല. മറ്റ് ടെലികോം ദാതാക്കളായ എയർടെൽ, വോഡഫോൺ, ബിഎസ്എൻഎൽ തുടങ്ങിയവയിൽ നിന്നുള്ള ഉപയോക്താക്കൾക്കും ജിയോ സിനിമാ ആപ്പ് ഡൗൺലോഡ് ചെയ്യാനും സൗജന്യമായി കാണാനും കഴിയും. എന്നിരുന്നാലും, ഉപയോക്താക്കൾ ആദ്യം മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ആപ്പിലും വെബ്‌സൈറ്റിലും സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: