FeatureNEWS

വിളമ്പുന്നത് അരലക്ഷം പേർക്കുള്ള പുഴുക്ക്; ഇത് കോട്ടയത്തെ പുഴുക്ക് നേർച്ച 

കോട്ടയം: കോട്ടയത്തെ നെടുംകുന്നം എന്ന ഗ്രാമത്തിന്റെ പേര് പറയുമ്പോൾ തന്നെ ആവിപറക്കുന്ന പുഴുക്കിന്റെ മണമാണ് മനസ്സിൽവരുക. വെന്ത് വെണ്ണപോലെയുള്ള കപ്പയും കാച്ചിലും ചേമ്പുമൊക്കെ അതിന്റെ കൂട്ടിൽ ഒത്തുചേർന്നുവരുമ്പോൾ നെടുങ്കുന്നം പുഴുക്കായി.
ഇവിടത്തെ പ്രശസ്തമായ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളിയിലെ ചടങ്ങിന്റെ ഭാഗമാണീ പുഴുക്കുനേർച്ച. എല്ലാ വർഷവും തിരുനാളിനോടനുബന്ധിച്ച് പുഴുക്കുനേർച്ച നടത്തിവരുന്നു. ഇക്കുറി 29-നാണ് പുഴുക്കുനേർച്ച.
ജാതിമത ഭേദമെന്യേ തിരുനാൾ കാലത്ത് യോഹന്നാൻ മാംദായുടെ അനുഗ്രഹം തേടാനും പുഴുക്കുനേർച്ചയിൽ പങ്കെടുക്കാനുമായി തിരുനാൾ കാലത്ത് പതിനായിരങ്ങളാണ് എത്തുന്നത്. അരലക്ഷത്തിലേറെ ആളുകൾ ഇക്കുറിയും പുഴുക്കുനേർച്ചയിൽ പങ്കുചേരുമെന്നാണ് ഫൊറാനാ അധികൃതർ പറയുന്നത്.
നെടുങ്ങോത്തച്ചൻ തുടങ്ങിവെച്ചു
ആദ്യ വികാരിയായിരുന്ന നെടുങ്ങോത്തച്ചൻ എന്ന പേരിലറിയപ്പെട്ടിരുന്ന കളത്തൂർകുളങ്ങര എബ്രഹാം കത്തനാരാണ് പുഴുക്കുനേർച്ച തുടങ്ങിവെച്ചത്. ഫലമൂലാദികൾ മാത്രം ഭക്ഷിച്ച് താപസനെപ്പോലെ ജീവിച്ചിരുന്ന അച്ചനെ കാണാനും പ്രാർഥനകൾ നടത്താനുമായി അനേകർ എത്തുമായിരുന്നു. ഇവിടെ എത്തുന്നവർക്ക് അച്ചൻ തേങ്ങാക്കൊത്തുകൾ വെഞ്ചരിച്ച് നേർച്ചയായി നൽകി. പകർച്ചവ്യാധികൾ പടർന്നുപിടിച്ചിരുന്ന കാലത്ത് രോഗശാന്തിക്കായി പ്രാർഥിക്കാനും അച്ചനെ കാണാനുമായി ദൂരസ്ഥലങ്ങളിൽനിന്നു ആയിരങ്ങൾ ഇവിടെ എത്തിയിരുന്നു. പള്ളിയിലെത്തുന്ന പലരും ഫലമൂലാദികൾ നേർച്ചയായി സമർപ്പിച്ചുതുടങ്ങി. ഇങ്ങനെ കിട്ടിയിരുന്ന ഫലമൂലാദികൾ ഉപയോഗിച്ച് പുഴുക്ക് തയ്യാറാക്കി പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് തേക്കിലയിൽ വിളമ്പുമായിരുന്നു. ആദ്യകാലങ്ങളിൽ ഞായറാഴ്ച കുർബാനയ്ക്ക് എത്തിയവർക്ക് കഞ്ഞിയും പുഴുക്കുമായിരുന്നു നൽകിയിരുന്നത്. രണ്ടാംലോക മഹായുദ്ധക്കാലത്ത് അരിക്ഷാമംവന്നതോടെ കഞ്ഞി നിർത്തി പഴുക്ക് മാത്രം തുടർന്നുപോന്നു. പിൽക്കാലത്ത് ചരിത്രത്തിന്റെ ഓർമ പുതുക്കലായി എല്ലാവർഷവും വൃശ്ചികം 13-ന് പുഴുക്കുനേർച്ച നടത്തിവരുന്നു.
 
രുചിക്കൂട്ടുകളുടെ പുഴുക്ക്
കപ്പ, കാച്ചിൽ, ഏത്തക്ക, ചേമ്പ്, ഇഞ്ചി, മുളക് തുടങ്ങിയവയ്ക്കൊപ്പം പോത്തിറച്ചിയും, പ്രത്യേകം ഒരുക്കിയ മസാലക്കൂട്ടുകളും ചേർത്താണ് പുഴുക്ക് തയ്യാറാക്കുന്നത്. പുഴുക്ക് നേർച്ചയ്ക്ക് മുന്നോടിയായി അറ നിറയ്ക്കൽ പ്രദക്ഷിണം നടത്തും. ഇന്നും കാളവണ്ടിയിലെത്തിയാണ് കാർഷികോത്പന്നങ്ങൾ വിശ്വാസികളിൽനിന്നു ശേഖരിക്കുന്നത്. ജാതി-മത ഭേദമെന്യെ പുഴുക്കുനേർച്ചയ്ക്ക് മുന്നോടിയായി പലരും ഇവ പള്ളിയിലെത്തിച്ചു കൊടുക്കാറുമുണ്ട്. രാത്രിയും പകലും നൂറുകണക്കിന് വൊളന്റിയർമാർ ചേർന്നാണ് പുഴുക്ക് പാകംചെയ്യുന്നത്. പുഴുക്ക് 650-ഓളം കുട്ടകളിൽ നിറയ്ക്കും. തേക്കിലയിലാണ് വിളമ്പുന്നത്.
5000 കിലോ കപ്പ
മുൻവർഷങ്ങളിൽ 5000 കിലോ കപ്പ, ആയിരം കിലോ വീതം ചേമ്പ്, കാച്ചിൽ, ഏത്തയ്ക്ക, 1750 കിലോ പോത്തിറച്ചി, 250 കിലോ മസാലക്കൂട്ട്, 80 കിലോ ചുവന്നുള്ളി, 70 കിലോ വെളുത്തുള്ളി, 30 കിലോ പച്ചമുളക് എന്നിവ ചേർത്ത് 32 ചെമ്പുകളിലായാണ് അൻപതിനായിരം പേർക്കുള്ള പുഴുക്ക് തയ്യാറാക്കിയത്.
കറുകച്ചാൽ-മണിമല റൂട്ടിലെ നെടുംകുന്നത്താണ് സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോനാപള്ളി സ്ഥിതിചെയ്യുന്നത്.

Back to top button
error: