NEWSPravasi

ആസ്‌ട്രേലിയൻ മലയാളികൾക്ക് ആഹാദവാർത്ത, ‘ഫാമിലി കണക്റ്റ്’ പദ്ധതി ടാസ്മാനിയയിലും; മാതൃകാപരമെന്ന് കമ്മ്യൂണിറ്റി സർവീസ് വകുപ്പ് മന്ത്രി

ആസ്‌ട്രേലിയൻ സംസ്ഥാനമായ ടാസ്മാനിയയിലും ഫാമിലി കണക്റ്റ് പദ്ധതി നിലവിൽ വന്നു. ടാസ്മാനിയയിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്ക് അവരുടെ മെഡിക്കൽ സംശയങ്ങളും ജി.പി യെ കണ്ട ശേഷമുള്ള സെക്കന്റ് ഒപ്പീനിയനുകളും സൗജന്യമായി ലഭ്യമാക്കുന്ന ഈ പദ്ധതി ടാസ്മാനിയൻ കമ്മ്യൂണിറ്റി സർവീസ് വകുപ്പ് മന്ത്രി നിക് സ്ട്രീറ്റ് ആണ് ഉത്ഘാടനം ചെയ്തത്.

തങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഇത്രയേറെ പ്രയോജനപ്പെടുന്ന ഈ പദ്ധതി നടപ്പിലാക്കുന്ന സംഘാടകർ എല്ലാ പ്രവാസികൾക്കും മാതൃകയാണെന്ന് മന്ത്രി നിക് സ്ട്രീറ്റ് അഭിപ്രായപ്പെട്ടു

ആസ്‌ട്രേലിയയിലെ പ്രവാസിമലയാളികളുടെ നാട്ടിലുള്ള മാതാപിതാക്കളെയും രക്‌തബന്ധുക്കളെയും സമഗ്ര ആരോഗ്യ പരിരക്ഷക്ക് കീഴിൽ കൊണ്ട് വരുന്ന പദ്ധതിയുടെ പ്രാദേശിക സംവിധാനം എന്ന നിലയിൽ ആണ് ഹോബർട്ടിൽ ഉത്ഘാടനം നടന്നത്. മുൻപ് ബ്രിസ്‌ബെയിനിൽ പാർലമന്റ് സ്പീക്കർ കാർട്ടിസ് പിറ്റ് ഉത്ഘാടനം നിർവഹിച്ച പദ്ധതിക്ക് രാജ്യത്തെ എല്ലാ പ്രമുഖ നഗരങ്ങളിലും മുതിർന്ന മന്ത്രിതലത്തിലുള്ളവരുടെ സാന്നിധ്യത്തിൽ പ്രാദേശിക സംവിധാനങ്ങൾ നിലവിൽ വന്നിരുന്നു. ടാസ്മാനിയയിൽ കൂടി പദ്ധതിനിലവിൽ വരുന്നതോടെ ആസ്‌ട്രേലിയയിലെ എല്ലാ പ്രധാന നഗരങ്ങളിലും പദ്ധതിക്ക് പ്രാദേശിക സംവിധാനം നിലവിൽ വന്നിരിക്കുകയാണ്.

ആരോഗ്യ മേഖലയിൽ ലോക നിലവാരത്തിൽ മുന്നിലുള്ള ആസ്‌ട്രേലിയയിൽ വിദഗ്ധ ഡോക്ടർമാരുടെ അപ്പോയ്ന്റ്മെന്റ്കൾക്ക് പലപ്പോളും വലിയ കാലതാമസം നേരിടാറുണ്ട്. അതോപാലെ തന്നെ തങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകൾ വിദഗ്ദരുമായി ചർച്ചചെയ്യാനോ അഭിപ്രായം ശേഖരിക്കാനോ ഉള്ള കാല താമസം പലർക്കും വലിയ മാനസിക സമ്മർദം ഉണ്ടാക്കാറുണ്ട്. ഈ വലിയ പ്രശ്നത്തിനു ഒറ്റയടിക്ക് പരിഹാരം ആസ്‌ട്രേലിയൻ മലയാളിക്ക് ലഭിക്കുന്നതാണ്. തങ്ങളുടെ സംശയങ്ങൾ ‘+918590965542’ എന്ന ഹെല്പ് ലൈൻ നമ്പറിലൂടെ ആളുകൾക്ക് നേരിട്ട് ആരോഗ്യ വിദഗ്ദരുമായി ചർച്ചചെയ്യുവാൻ സാധിക്കും. ഈ നമ്പറിലെ വാട്സ്ആപ് ലൂടെ റിപ്പോർട്ട്‌ അയച്ചു കൊടുക്കയോ സംസാരിക്കുകയോ ചെയ്യുന്ന കാര്യങ്ങൾക്ക് 48 മണിക്കൂറിനുള്ളിൽ മറുപടി ഉറപ്പു വരുത്തുന്നുണ്ട്. അൻപത് അതി വിദഗ്ദ ഡിപ്പാർട്മെന്റ്ക്കുടെ സേവനം ഇതിൽ ഉറപ്പ് വരുത്തിയിട്ടുണ്ടന്നു രാജഗിരി ആശുപത്രി ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി പറഞ്ഞു.

ആസ്‌ട്രേലിയൻ പ്രവാസി മലയാളിയുടെ മാതാപിതാക്കൾക്കായി ഒരുക്കുന്ന വമ്പൻ സേവനങ്ങൾ ആണ് മറ്റൊരു പ്രത്യേകത. മക്കൾക്ക് നാട്ടിൽ എത്താതെ മുഴുവൻ കാര്യങ്ങളും ആസ്‌ട്രേലിയയിൽ നിന്ന് കൊണ്ട് തന്നെ ഏകോപിപ്പിക്കാൻ ഈ പദ്ധതി മൂലം സഹായകമാകും. മാതാ പിതാക്കളുടെയോ രക്തബന്ധുക്കളുടെയോ പ്രശ്നങ്ങൾ ഇവരുമായി ഹോട് ലൈനിൽ നേരിട്ട് പങ്ക് വക്കാം. ആശുപത്രിയിൽ എത്തുന്ന നിമിഷം മുതൽ ഒരാൾ സഹായത്തിനുകൂടെ ഉണ്ടാവും. ഇവരുടെ ഡോക്ടർമാരോട് മക്കൾക്ക് ഇവിടെ നിന്ന് നേരിട്ട് സംസാരിക്കാനും ഉള്ള സാഹചര്യം ഉറപ്പ് വരുത്തുമെന്ന് പദ്ധതിയുടെ ടാസ്മാനിയ സ്റ്റേറ്റ് കോർഡിനേറ്റർ ഡിക്സൺ പി ജോസ് അറിയിച്ചു.

മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ചാപ്റ്റർ ആലുവ ആസ്ഥാനമായ രാജഗിരി ആശുപത്രി ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്

സംഘടനയുടെ ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ് ജെനോ ജേക്കബ് ജോയിന്റ് സെക്രട്ടറി സോയിസ് ടോം തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ടാസ്മാനിയൻ ക്രിക്കറ്റ് ക്ലബ്ബായ ടാസി ബ്ലാസ്റ്റേഴ്‌സ്ന്റെ താരങ്ങളും ചടങ്ങിൽ പങ്കെടുത്തു

ഫാമിലി കണക്ട് പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ടാസ്മാനിയൻ മലയാളികൾക്ക് ഡിക്സൻ പി ജോസ് (0469328456 ) ജെനോ ജേക്കബ് (0401298530) സോയിസ് ടോം (0487439282) നെയോ ബന്ധപ്പെടാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: