KeralaNEWS

പ്രിയയുടെ നിയമനം: അപ്പീല്‍ നല്‍കില്ല, റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് കണ്ണൂര്‍ വി.സി

കണ്ണൂര്‍: സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ഹൈക്കോടതി വിധി അനുസരിച്ച് റാങ്ക് പട്ടിക പുനക്രമീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. പുനപ്പരിശോധനയില്‍ ആരെയെങ്കിലും ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുമെന്ന് വിസി പറഞ്ഞു. പട്ടികയിലുള്ള മൂന്നു പേരെയും യോഗ്യത പരിശോധിച്ച് പുതിയ പട്ടിക സിന്‍ഡിക്കറ്റിനു മുന്നില്‍ വയ്ക്കും. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കില്ലെന്നും വി.സി അറിയിച്ചു.

അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതില്‍ വ്യക്തത തേടി. നിയമന യോഗ്യത സംബന്ധിച്ച് യു.ജി.യില്‍നിന്നു തന്നെ വ്യക്തത തേടിയെങ്കിലും മറുപടി ലഭിച്ചില്ല. യു.ജി.സി മറുപടി നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളം എത്തില്ലായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന പ്രക്രിയയുമായി മുന്നോട്ടുപോയതെന്നു വി.സി പറഞ്ഞു.

ഹൈക്കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയെ മാത്രം ബാധിക്കുന്നതല്ല. എല്ലാ സര്‍വകലാശാലകളിലെയും പ്രിന്‍സിപ്പല്‍ നിയമനം, സ്ഥാനക്കയറ്റം എന്നിവയെയൊക്കെ ബാധിക്കുന്ന വിധിയാണ് ഇത്. സര്‍വകലാശാല ഇതില്‍ അപ്പീല്‍ നല്‍കില്ല. നിയമ നടപടികള്‍ക്കായി സര്‍വകലാശാലയ്ക്ക് വലിയ പണച്ചെലവ് ഉണ്ടാവുന്നുണ്ടെന്ന്, ഇതിനു കാരണമായി വി.സി പറഞ്ഞു.

 

 

Back to top button
error: