ഭിന്നശേഷിക്കാരുടെ പരിചരണത്തിന് ഇനി പ്രത്യേക കേന്ദ്രങ്ങളിൽ എത്താനായില്ലെങ്കിലും ആധിവേണ്ട. വിദഗ്‌ധ സംഘം വീട്ടിലെത്തി സേവനം നൽകും. മാത്രമല്ല, ഭിന്നശേഷി നേരത്തെതന്നെ തിരിച്ചറിയാനും ചികിത്സിക്കാനും സംവിധാനമുണ്ടാകും. രണ്ടേകാൽ കോടിയോളം രൂപയുടെ പദ്ധതിയുമായാണ് കോഴിക്കോട് നഗരത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നത്.
ആദ്യം മൊബൈൽ തെറാപ്പി യൂണിറ്റാണ് തുടങ്ങുന്നത്. കിടന്നിടത്തുനിന്ന് അനങ്ങാൻ കഴിയാത്ത ചലന വൈകല്യമുള്ള കുട്ടികൾക്കാണ് ഈ സംവിധാനം. ഓരോ വാർഡിലും ഭിന്നശേഷിക്കാരുടെ വീടുകളിലെത്തി പരിചരിക്കും. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി എന്നീ സേവനങ്ങളാണ് മൊബൈൽ യൂണിറ്റിലൂടെ ലഭ്യമാക്കുക. ഡിസംബർ ആദ്യആഴ്‌ച പ്രവർത്തനം തുടങ്ങും.
സ്‌കൂളുകളിലും പരിചരണകേന്ദ്രങ്ങൾ പ്രവർത്തിക്കും. തെരഞ്ഞെടുത്ത അഞ്ച് സ്കൂളുകളിൽ ഈ സൗകര്യം ഒരുക്കും. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് കൂടുതൽ ശ്രദ്ധകിട്ടുന്ന വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ലക്ഷ്യം. രണ്ട് പദ്ധതികൾക്കായി 20 ലക്ഷം രൂപയാണ് നീക്കിവയ്‌ക്കുന്നത്.
കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററുകളാണ് മറ്റൊന്ന്. ഭിന്നശേഷി നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സനൽകാൻ ഏർലി ഇന്റർവൻഷൻ, സ്ക്രീനിങ്, തെറാപ്പി എന്നീ സേവനങ്ങൾ ഇവിടെ ലഭിക്കും.
സാമൂഹികവും മാനസികവുമായ പിന്തുണ ഉറപ്പാക്കാൻ വാർഡ്തല കൂട്ടായ്മകൾ, രക്ഷകർതൃ ശാക്തീകരണ പരിപാടികൾ, മെഡിക്കൽ ക്യാമ്പുകൾ, കലാ കായിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കുമെന്ന് മേയർ ബീന ഫിലിപ് പറഞ്ഞു. ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യാൻ 1.76 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കേൾവി ശക്തി കുറഞ്ഞവർക്ക് കോക്ലിയാർ ഇംപ്ലാന്റേഷന് സഹായം നൽകാൻ 12.5 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.