തൃശൂര്‍: പുതുക്കിപ്പണിത ചരിത്ര പ്രസിദ്ധമായ തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൌസില്‍ താമസിച്ച പ്രമുഖരുടെ പട്ടികയില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ സി അച്യുത മേനോന്റെ ചിത്രം ഒഴിവാക്കിയതില്‍ പരാതിയുമായി ബിനോയ് വിശ്വം. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ കത്തിലൂടെ ബിനോയ് വിശ്വം അതൃപ്തി അറിയിച്ചു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, മുന്‍ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, കെ. കരുണാകരന്‍ എന്നിവരുടെ പേരുകളും ചിത്രങ്ങളും രാമനിലയത്തിലെ പഴയ കെട്ടിടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അച്യുതമേനോന്റെ പേര് ഒഴിവാക്കി.
സി.പി.ഐ നേതാവായ മുന്‍ മുഖ്യമന്ത്രി അച്യുതമേനോന്റെ പേരില്ലാത്തത് ഉദ്യോഗസ്ഥരുടെ നെറികേടാണെന്ന് ബിനോയ് വിശ്വം കത്തില്‍ കുറ്റപ്പെടുത്തി. മന്ത്രിക്ക് അനിഷ്ടം തോന്നിയാലോയെന്ന് സംശയിച്ച ചില ഉദ്യോഗസ്ഥരാണ് അച്യുതമേനോനെ ഒഴിവാക്കിയതെന്നും കത്തില്‍ പരാമര്‍ശമുണ്ട്.