CrimeNEWS

സിപിഎം നേതാവ് ആനാവൂർ നാരായണൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെഎസ്ആ‍ർടിസി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കെഎസ്ആർടിസി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. . കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രലിലെ ഇൻസ്പെക്ടർ ആയ കെ.എൽ രാജേഷിനെയാണ് കോ‍ർപ്പറേഷൻ സിഎംഡി ബിജു പ്രഭാകർ ഐഎഎസ് സസ്പെൻഡ് ചെയ്തത്. സിപിഎം നേതാവായ ആനാവൂർ നാരായണൻ നായർ വധക്കേസിൽ പ്രതിയായ 11 പേരെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക് ആന്റ് സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ട് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇവരിൽ ഒരാളാണ് രാജേഷ്.

1960 തിലെ കേരള സിവിൽ സർവ്വീസ് ചട്ടം 10(3) പ്രകാരമാണ് സസ്പെൻഷൻ. സർക്കാർ ജീവനക്കാരൻ ആയിരിക്കെ ക്രിമിനൽ കേസിൽ പ്രതിയായി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി റിമാൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സസ്പെൻഷനെന്ന് കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവിൽ പറയുന്നു. കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തുകയും, കോർപ്പറേഷന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുയും ചെയ്ത പ്രവർത്തി ​ഗുരുതരമായ സ്വഭാവദൂഷ്യവും, ചട്ടലംഘനവും, അച്ചടക്കലംഘനവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദഗ്ദ്ധ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ രാജേഷിനെതിരെ മേൽനടപടികളുണ്ടാവുമെന്ന് ഉത്തരവിൽ ഉണ്ട്.

സിപിഎം നേതാവായ ആനാവൂർ നാരായണൻ നായർ വധിച്ച കേസിലെ ഒന്നാം പ്രതിയും കെഎസ്ആർടിസിയിലെ ബിഎംഎസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് രാജേഷ്. രാജേഷ് ഉൾപ്പെടെ മൂന്നു പ്രതികൾക്ക് കഠിന തടവാണ് കോടതി വിധിച്ചത്. 2013 നവംബർ അഞ്ചിന് രാത്രിയാണ് സിപിഎം പ്രവർത്തകനും തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനുമായിരുന്ന നാരായണൻ നായരെ ആർഎസ്എസുകാർ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തിയത്. നാരായണൻ നായരുടെ മകനും വെള്ളറട ഏര്യാ സെക്രട്ടറിയുമായിരുന്ന ശിവപ്രസാദിനെ വധിക്കാനുള്ള ഉദേശത്തോടെയാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ചെത്തിയതെന്നാണ് കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. അക്രമികളെ തടയാൻ ശ്രമിച്ചപ്പോഴാണ് നാരായണൻ നായരെ വെട്ടിക്കൊന്നത്.

Back to top button
error: