KeralaNEWS

കത്ത് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചു; വിജിലന്‍സിന് മൊഴിനല്‍കി ഡി.ആര്‍ അനില്‍

തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് താന്‍ എഴുതിയ കത്ത് നശിപ്പിച്ചുകളഞ്ഞെന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍. അനിലിന്റെ മൊഴി. കത്തിനേക്കുറിച്ച് അന്വേഷണം നടത്തുന്ന വിജിലന്‍സിനാണ് അനില്‍ മൊഴിനല്‍കിയിരിക്കുന്നത്. കുടുംബശ്രീക്കുവേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്നു കണ്ട് നശിപ്പിച്ചു എന്നാണ് മൊഴി.

പുറത്തുവന്നിരുന്ന കത്ത് താന്‍ എഴുതിയതാണെന്ന് അനില്‍ നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍, കുടുംബശ്രീയ്ക്കുവേണ്ടി എഴുതിയതായിരുന്നു കത്തെന്നും, പിന്നീട് അത് ആവശ്യമില്ലെന്നു കണ്ട് അത് നശിപ്പിച്ചു കളഞ്ഞു എന്നുമാണ് ഇപ്പോള്‍ അദ്ദേഹം മൊഴിനല്‍കിയിരിക്കുന്നത്.

Signature-ad

മേയര്‍ എഴുതിയതായി പറയുന്ന കത്തിന്റെ ഒറിജിനല്‍ എവിടെ എന്നത് സംബന്ധിച്ചും വിജിലന്‍സ് ഡി.ആര്‍ അനിലിനോട് ആരാഞ്ഞിരുന്നു. മേയറുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് അനില്‍ മൊഴിനല്‍കിയിരിക്കുന്നത്. താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് വന്നത്. മേയറുടെ പേരില്‍ പുറത്തുവന്ന കത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി.

മേയറുടെയും ഡി.ആര്‍ അനിലിന്റെയും കത്തുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടാവാന്‍ ഇടയുള്ള നഗരസഭയിലെ മുഴുവന്‍ ജീവനക്കാരെയും ചോദ്യംചെയ്യാനാണ് വിജിലന്‍സ് ഉദ്ദേശിക്കുന്നത്. ഇന്നുമുതല്‍ ചോദ്യംചെയ്യല്‍ നടപടികളിലേക്ക് അന്വേഷണസംഘം കടക്കും. കത്ത് സംബന്ധിച്ച് ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഇന്നോ നാളെയോ സമര്‍പ്പിക്കുമെന്നാണ് സൂചന.

 

Back to top button
error: