”സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തെ കുറ്റകരമാക്കാനുള്ളതല്ല പോക്‌സോ നിയമം”
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കാനുള്ളതാണ് പോക്‌സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തെ കുറ്റകരമാക്കിത്തീര്‍ക്കാനുള്ളതല്ലെന്നും ഡല്‍ഹി ഹൈകോടതി. പോക്‌സോ ചുമത്തപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയായ യുവാവിന് ജാമ്യം നല്‍കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 17 വയസുകാരിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തത്.
2021 ജൂണില്‍ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ബന്ധുവായ ഒരാള്‍ക്ക് വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍, ഈ വിവാഹത്തില്‍ താല്‍പര്യമില്ലാതിരുന്ന പെണ്‍കുട്ടി അവിടെനിന്ന് ഓടിപ്പോരുകയും സുഹൃത്തായ യുവാവിന്റെ വീട്ടിലേക്ക് വരികയും ചെയ്തു. തുടര്‍ന്ന് പഞ്ചാബിലേക്ക് പോയ ഇരുവരും വിവാഹിതരായി. എന്നാല്‍, പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
”എന്റെ അഭിപ്രായത്തില്‍ പോക്‌സോ നിയമത്തിന്റെ ലക്ഷ്യം 18 വയസില്‍ താഴെയുള്ളവരെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുകയെന്നുള്ളതാണ്. യുവാക്കളായ വ്യക്തികള്‍ തമ്മില്‍ പ്രണയത്തോടെയും പരസ്പര സമ്മതത്തോടെയുമുള്ള ബന്ധത്തെ കുറ്റകരമാക്കി മാറ്റാനുള്ളതല്ല. ഓരോ കേസിനെയും സാഹചര്യങ്ങളും വസ്തുതകളും അടിസ്ഥാനമാക്കി വേണം സമീപിക്കാന്‍. കാരണം, ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തി ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം” -ജസ്റ്റിസ് ജസ്മീത് സിങ് പറഞ്ഞു.
കേസില്‍ പ്രതിയായ യുവാവ് ഡിസംബര്‍ 31 മുതല്‍ ജയിലിലാണ്. ഇയാളുടെ ഭാര്യയായ പെണ്‍കുട്ടി രക്ഷിതാക്കളില്‍ നിന്ന് സംരക്ഷണം തേടി കോടതിയെ സമീപിച്ച വിവരവും അഭിഭാഷകര്‍ അറിയിച്ചു.
ഒക്ടോബര്‍ 20ന് കോടതി പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് സുഹൃത്തിന്റെ വീട്ടിലേക്ക് പോയതെന്നും വിവാഹിതയായതെന്നും പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ശിഷ്ടകാലവും ഇയാളോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്നും കുട്ടി വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി യുവാവിന് ജാമ്യം നല്‍കിയത്.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ സമ്മതത്തിന് നിയമപരമായ സാധുതയില്ലെന്നും, എങ്കിലും പ്രണയത്തിന്റെ ഭാഗമായി പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്ന വസ്തുത ജാമ്യം നല്‍കുന്നതിനായി പരിഗണിക്കുകയാണെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം അവഗണിച്ച് പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെ ജയിലില്‍ തുടരാന്‍ വിധിക്കുന്നത് നീതിയെ വികൃതമാക്കലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.