IndiaNEWS

ബെംഗ്ളൂറു യാത്രക്കാർക്ക് തിരിച്ചടി, കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസ് നിരക്ക് വർധിപ്പിച്ചു

വിദ്യാർത്ഥികളും ടെക്കികളും ബിസിനസുകാരും മറ്റ് യാത്രക്കാരുമായി പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും ബെംഗ്ളൂർക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ഇതിലേറെയും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. അപ്രതീക്ഷിതമായി ബസുടമകൾ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് കേരളത്തിൽ നിന്ന് ബെംഗ്ളൂറിലേക്കുള്ള യാത്രക്കാർക്ക് തിരിച്ചടിയായി. വിവിധ തരം ബസുകൾക്ക് 150 മുതൽ 250 രൂപ വരെയാണ് വർധിപ്പിച്ചത്. അന്തർസംസ്ഥാന റൂട്ടുകളിൽ ഏറ്റവും തിരക്കേറിയ എറണാകുളത്ത് നിന്ന് ബെംഗ്ളൂറിലേക്കുള്ള എസി സ്ലീപർ നിരക്ക് 1,350 രൂപയിൽ നിന്ന് 1,500 രൂപയായി വർദ്ധിച്ചു.

നവംബർ ഒന്ന് മുതൽ സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അന്തർ സംസ്ഥാന ബസുകൾക്കും കേരള സർക്കാർർ വാഹന നികുതി ഏർപ്പെടുത്തിയതാണ് തിരിച്ചടിയായത്. ഈ റൂട്ടിൽ സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളിൽ ഭൂരിഭാഗവും രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തേക്കാൾ കുറഞ്ഞ നികുതി നിരക്കുള്ള സംസ്ഥാനങ്ങളിലാണ്.

Signature-ad

നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം ഒരു സീറ്റിന് 4000 രൂപ വീതം ത്രൈമാസ നികുതിയായി ബസുടമ അടയ്‌ക്കേണ്ടതുണ്ട്. 36 സീറ്റുകളുള്ള ഒരു ബസിന് ഏകദേശം 1.44 ലക്ഷം രൂപഇങ്ങനെ അടയ്‌ക്കേണ്ടി വരുമെന്ന് ഗ്രീൻലൈൻ ട്രാവൽസ് ഉടമയും ഇന്റർസ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കർണാടക പ്രസിഡന്റുമായ കെ.ആർ സച്ചിദാനന്ദ പറഞ്ഞു. അതേസമയം സംസ്ഥാന നികുതി അടയ്ക്കാത്ത അന്തർസംസ്ഥാന ബസുകൾക്കെതിരെ മോടോർ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

വർദ്ധിപ്പിച്ച പുതിയ നിരക്കുകൾ ഇങ്ങനെ:

(ബസ് തരം – കൊച്ചി നിരക്ക് – മലബാർ നിരക്ക്)

നോൺ എസി സീറ്റർ – 1050 – 850

നോൺ ഏസി സ്ലീപർ – 1250 – 950

എസി സ്ലീപർ – 1500 – 1100

എസി സീറ്റർ – 1250 – 950.

എസി വോൾവോ സീറ്റർ – 1350 – 1050.

Back to top button
error: