NEWSSports

എല്‍വിസിന്റെ ഹൃദയം കാലിലാണ്; നെയ്മര്‍ ടാറ്റൂവുമായി ബ്രസീല്‍ ആരാധകന്‍

കൊച്ചി: എല്‍വിസ് ജോര്‍ജിന് ബ്രസീല്‍ ഫുട്ബോള്‍ ടീം ജീവനാണ്, നെയ്മറെന്നാല്‍ ചങ്കും. നെയ്മറെ സ്വന്തം കാലില്‍ ടാറ്റൂ പതിച്ചാണ് കൊടുങ്ങല്ലൂര്‍ തുരുത്തിപ്പുറം ചോഴിയത്ത് വീട്ടില്‍ എല്‍വിസ് കൂടെകൂട്ടിയിരിക്കുന്നത്. ഇടപ്പള്ളിയിലെ ദി ടാറ്റൂ ക്ലബ്ബിലാണ് 16 മണിക്കൂര്‍കൊണ്ട് എല്‍വിസിന്റെ തുടയിലും കാലിലുമായി ഈ റിയലിസം പോര്‍ട്രയിറ്റ് ബ്ലാക്ക് ആന്‍ഡ് ഗ്രേ ടാറ്റൂ വരച്ചത്.

ഒരുലക്ഷം രൂപയോളമാണ് ചെലവെന്ന് ടാറ്റൂ വരച്ച ‘ദി ടാറ്റൂ ക്ലബ്’ ഉടമ ബിബിന്‍ രാജ് പറയുന്നു. ഇത്തവണ ബ്രസീല്‍ കപ്പ് ഉയര്‍ത്തുമെന്നും അത് കാണാന്‍ തന്റെ ശരീരത്തില്‍ പതിഞ്ഞ നെയ്മര്‍ കാത്തിരിക്കുകയാണെന്നും എല്‍വിസ് പറയുന്നു.

Signature-ad

അതേസമയം, എല്‍വിസിന്‍െ്‌റ ചങ്കായ നെയ്മറടക്കമുള്ള ഒരുപിടി മഹാരഥന്‍മാരുടെ അവസാന ലോകകപ്പാകും ഖത്തറിലേത്. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലൂയിസ് സുവാരസ്, ലൂകാ മോഡ്രിച്ച്, ഡാനി ആല്‍വേസ്, മാനുവല്‍ നോയെ, തോമസ് മുള്ളര്‍ എന്നിവരൊന്നും ഇനിയൊരു ലോകകപ്പ് വേദിയില്‍ ഉണ്ടാകില്ല. ഖത്തറില്‍ മംഗളഗാനം പാടി പരിയുന്നവര്‍ ഇനിയുമുണ്ടാകാം.
അവരുടെയെല്ലാം മിന്നലാട്ടങ്ങള്‍ ഒരിക്കല്‍ക്കൂടി കാണാന്‍ അറബ് നാട്ടില്‍ കളം നിറയുകയാണ്.

അര്‍ജന്റീന ജേഴ്‌സിയില്‍ മെസിക്കിത് വൈകാരിക ലോകകപ്പാണ്. മുപ്പത്തഞ്ചാംവയസ്സില്‍ ലോകകിരീടം മാത്രമാണ് മനസ്സിലുള്ളത്. മാറഡോണയെപ്പോലെയല്ലെങ്കിലും അതിനരികത്ത് ചിരപ്രതിഷ്ഠ നേടാന്‍ ലോകകപ്പ് അനിവാര്യം. കോപ അമേരിക്ക കിരീടം ചൂടി മെസി ആരാധകരെ ഭ്രമിപ്പിക്കുന്നു. മെസിക്കിത് അഞ്ചാംലോകകപ്പാണ്. 19 കളിയില്‍ ആറ് ഗോളടിച്ചു. മാറഡോണ നേടിയത് 21 കളിയില്‍ എട്ട് ഗോള്‍. ദേശീയ കുപ്പായത്തില്‍ 165 കളിയില്‍ 90 ഗോള്‍. ലോകകപ്പിനുശേഷം അര്‍ജന്റീന കുപ്പായത്തില്‍ തുടരാനിടയില്ല. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ടാലും കുറച്ചുകാലംകൂടി മെസിയുടെ കളി കാണാന്‍ അവസരമുണ്ടായേക്കാം. ബാഴ്‌സലോണയില്‍നിന്ന് കൂടുമാറിയശേഷം ഗോളടിച്ചും അടിപ്പിച്ചും മികച്ച ഫോമിലാണ്.

പോര്‍ച്ചുഗല്‍ എന്നാല്‍ റൊണാള്‍ഡോയാണ്. മുപ്പത്തേഴാംവയസ്സിലും ആരാധകരെ കോരിത്തരിപ്പിക്കാനും ടീമിനെ മുന്നോട്ടുനയിക്കാനും സാധിക്കുന്നത് അത്ഭുതകരം തന്നെ. കളിച്ച നാല് ലോകകപ്പിലും ഗോളടിച്ചു. 17 കളിയില്‍ ഏഴ് ഗോള്‍. പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ 191 കളിയില്‍ 117 ഗോളടിച്ചു.

വയസ്സ് 30 ആയിട്ടേയുള്ളുവെങ്കിലും ഇനിയൊരു ലോകകപ്പിനില്ലെന്ന് നെയ്മര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപക്ഷേ ബ്രസീലിന്റെ മഞ്ഞക്കുപ്പായവും അഴിച്ചേക്കാം. ഇക്കുറി മൂന്നാമത്തെ ലോകകപ്പാണ്. 2014ല്‍ അഞ്ച് കളിയില്‍ നാല് ഗോള്‍. കഴിഞ്ഞതവണ രണ്ട്. പരിക്ക് വേട്ടയാടിയ കളിജീവിതമാണ്. 2014 ലോകകപ്പിലെ പരിക്കില്‍നിന്ന് മോചിതനാകാന്‍ സമയമെടുത്തു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ കാമിലോ സുനിഗയാണ് ചവിട്ടിവീഴ്ത്തിയത്. അതോടെ നെയ്മറുടെയും ബ്രസീലിന്റെയും ആ ലോകകപ്പ് അവസാനിച്ചു. നെയ്മറില്ലാത്ത ബ്രസീല്‍ സെമിയില്‍ ജര്‍മനിയോട് 7-1ന് ദയനീയമായി തോറ്റു.

കളിജീവിതത്തിലാകെ നേടിയത് 818 ഗോള്‍! പോളണ്ട് ക്യാപ്റ്റന്‍ ലെവന്‍ഡോവ്‌സ്‌കിക്ക് പ്രായം 34 ആയി. 134 തവണ പോളണ്ടിനായി കളിച്ച് 76 ഗോള്‍ നേടി. പക്ഷേ, ആകെ കളിച്ചത് ഒറ്റ ലോകകപ്പ്. 2018ല്‍ റഷ്യയില്‍ ഗ്രൂപ്പുഘട്ടത്തില്‍ മടങ്ങി. മൂന്ന് കളിയില്‍ ഗോളടിക്കാനായില്ല.

ലൂകാ മോഡ്രിച്ചാണ് ക്രൊയേഷ്യയെ കഴിഞ്ഞതവണ ഫൈനലിലെത്തിച്ചത്. മുപ്പത്തേഴുകാരന്റെ നാലാംലോകകപ്പാണ്. 12 കളിയില്‍ രണ്ട് ഗോള്‍. ഉറുഗ്വേയുടെ ലൂയിസ് സുവാരസ് നാലാം ലോകകപ്പിനെത്തുന്നു. രണ്ട് ലോകകപ്പുകളില്‍ സുവാരസിനൊപ്പം വിവാദമുണ്ടായിരുന്നു. 2010ല്‍ ഘാനക്കെതിരെ ഗോള്‍ ഒഴിവാക്കാന്‍ പന്ത് കൈകൊണ്ട് തട്ടിയകറ്റി. 2014ല്‍ ഇറ്റാലിയന്‍ പ്രതിരോധക്കാരന്‍ ജോര്‍ജിനോ ചില്ലിനിയെ കളിക്കിടെ കടിച്ചു. രണ്ടുതവണയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. 13 കളിയില്‍ മൂന്ന് ഗോള്‍.ജര്‍മനി ഇത്തവണ രണ്ട് താരങ്ങള്‍ക്ക് വിടചൊല്ലും. ഗോളി മാനുവല്‍ നോയെയും സ്‌ട്രൈക്കര്‍ തോമസ് മുള്ളറും. നാലാംലോകകപ്പ് കളിക്കുന്ന ‘ജര്‍മന്‍ മതിലിന്’ പ്രായം 36. മുള്ളര്‍ മുപ്പത്തിമൂന്നാംവയസ്സില്‍ നാലാംലോകകപ്പ് കളിക്കും. 16 കളിയില്‍ 10 ഗോള്‍. 24 കളിയില്‍ 16 ഗോളടിച്ച നാട്ടുകാരനായ മിറോസ്ലാവ് ക്ലോസെയെ മറികടക്കുമോയെന്നാണ് കൗതുകം. ബ്രസീലിന്റെ പ്രതിരോധക്കാരന്‍ ഡാനി ആല്‍വേസിന് 39 വയസ്സായി. തിയാഗോ സില്‍വക്ക് 38.

 

 

 

 

Back to top button
error: