NEWSPravasi

ഗൾഫ് സമ്മാന പദ്ധതികളിൽ മലയാളിക്ക് തുടർച്ചയായി ഭാഗ്യവർഷം, ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും മലയാളിക്ക് എട്ടു കോടി സമ്മാനം

അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലധികം രൂപ) മലയാളിയായ എന്‍ എസ് സജേഷിന് ലഭിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

ദുബൈയില്‍ താമസിക്കുന്ന സജേഷ് രണ്ടു വര്‍ഷം മുന്‍പാണ് ഒമാനില്‍ നിന്നു യുഎഇയില്‍ എത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് ഓണ്‍ലൈനായി 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് വാങ്ങിയത്.

ഇന്നലെ നടന്ന ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (എട്ടു കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിലാണ് നറുക്കെടുപ്പ് നടന്നത്. പ്രവാസിയായ അലക്സ് വര്‍ഗീസാണ് സമ്മാനാര്‍ഹനായത്.

സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ വഴിയാണ് അലക്സ് ടിക്കറ്റ് വാങ്ങിയത്. ദുബൈ ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന 10 സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അലക്സും സഹപ്രവര്‍ത്തകും ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണ്. ഓരോ തവണ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വാങ്ങുമ്പോഴും ഓരോരുത്തരുടെ പേരിലാണ് വാങ്ങിയിരുന്നത്. ഇത്തവണ അലക്സ് സ്വന്തം പേരില്‍ വാങ്ങിയ ടിക്കറ്റിലൂടെ വന്‍ തുക സമ്മാനം ലഭിക്കുകയായിരുന്നു.

ഇതാദ്യമായാണ് തന്‍റെ പേരില്‍ ടിക്കറ്റ് വാങ്ങുന്നതെന്നും വിജയിച്ചെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ പ്രൊമോഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും 37കാരനായ അലക്സ് പറഞ്ഞു. 1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇന്നുവരെ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 198-ാമത്തെ ഇന്ത്യക്കാരനാണ് അലക്സ്.

Back to top button
error: