”കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പോലീസിനായില്ല: എന്നിട്ടല്ലേ…”
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഐ.പി.എസുകാരന്‍ തോക്കെടുത്ത് വിരട്ടിയെന്ന ഗവര്‍ണറുടെ ആക്ഷേപം തള്ളി സി.പി.എം. ”അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പോലീസിനായില്ല. എന്നിട്ടല്ലേ.”സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ആകുന്ന പണിയെടുത്തിട്ടും പിണറായിയുടെ കാലിനും പുറത്തിനും മാത്രമാണ് മര്‍ദ്ദിക്കാനായത്. കമിഴ്ന്നു കിടന്ന പിണറായിയെ പോലീസിന് അനക്കാനായില്ല. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാനാകും. ഇതിനൊന്നും ഗവര്‍ണര്‍ മറുപടി അര്‍ഹിക്കുന്നില്ല. അദ്ദേഹത്തിന്റെ രീതിയാണ് പിണറായിക്കുമെന്ന് കരുതരുതെന്നും ഗോവിന്ദന്‍ മറുപടി നല്‍കിയത്.
പണ്ട് കൊലക്കേസില്‍ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാന്‍ ചെന്ന പിണറായി, ഒരു യുവ ഐ.പി.എസ് ഓഫിസര്‍ തോക്കെടുത്തപ്പോള്‍ 15 മിനിറ്റിനകം വീട്ടില്‍പോയി വസ്ത്രം മാറി വന്ന കാര്യമറിയാമെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ ആരാണെന്നു ഗവര്‍ണര്‍ക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഭരണഘടനാത്തകര്‍ച്ച സൃഷ്ടിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമാണ് നടക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ രാജ്ഭവനിലേക്കു തള്ളിക്കയറാനും തന്നെ റോഡില്‍വച്ചു കൈകാര്യം ചെയ്യാനും ഗവര്‍ണര്‍ വെല്ലുവിളിച്ചു.