ഗോവയിൽ സംസ്ഥാന സർക്കാർ വകുപ്പുകളിലെ റിക്രൂട്മെന്റിന് സ്വകാര്യ മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പുതിയ അപേക്ഷകരെ സർക്കാർ ജോലികളിലേക്ക് നേരിട്ട് എടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാക്കുമെന്ന് നോർത് ഗോവയിലെ തലേഗാവിൽ നടന്ന ചടങ്ങിൽ സാവന്ത് പറഞ്ഞു. വിദഗ്ധരായ ജീവനക്കാരെ നിയമിക്കാൻ ഇത് സർക്കാരിനെ സഹായിക്കുമെന്നും ശരിയായ ജീവനക്കാരെ തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കാൻ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും സാവന്ത് പറഞ്ഞു.
ഭാവിയിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ വഴിയുള്ള റിക്രൂട്മെന്റ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ബിരുദം പാസാകുന്നതിന് മുമ്പ് നിരവധി പേർ അക്കൗണ്ടൻറ് അടക്കമുള്ള തസ്തികകൾക്ക് അപേക്ഷിച്ച സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇനി മുതൽ അത് നടക്കില്ല. സർക്കാർ ജോലിക്ക് സ്വകാര്യ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. ഭാവിയിലെ സർകാർ ജോലി റിക്രൂട്മെന്റിൽ, മുൻ ജോലി പരിചയം നിർബന്ധമായും തേടും, പരീക്ഷ പാസായാൽ, മറ്റ് പരിചയമില്ലാതെ തന്നെ സർക്കാർ ജോലി ലഭിക്കുമെന്നാണ് ആളുകൾ കരുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.