Breaking NewsNEWS

മാപ്പ് പറഞ്ഞാല്‍ പോരാ, ആര്യ രാജി വെക്കണം; സുധാകരന്റെ പരാമര്‍ശം തള്ളി സതീശന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ മതിയെന്ന കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മേയര്‍ രാജിവയ്ക്കണമെന്നാണ് കെ.പി.സി.സി പൊതുവായി സ്വീകരിച്ച നിലപാടെന്ന് സതീശന്‍ പറഞ്ഞു.

കത്ത് സംഭവത്തില്‍ ഏത് ഏജന്‍സി അന്വേഷിച്ചാലും പ്രതികള്‍ സി.പി.എം നേതാക്കളായിരിക്കുമെന്നും മേയറെയും നേതാക്കളെയും രക്ഷിക്കാനുള്ള തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും സതീശന്‍ പറഞ്ഞു.

പൊതുമാപ്പ് മേയര്‍ സ്ഥാനം രാജിവയ്ക്കുന്നതിനെക്കാള്‍ വലുതാണെന്നും മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്. ഇത് തള്ളിയാണ് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് രംഗത്തുവന്നിരിക്കുന്നത്.

”രാജി വയ്ക്കണം, അല്ലെങ്കില്‍ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. മാപ്പ് പറഞ്ഞാല്‍ അക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ആര്യ ചെറിയാ പ്രായാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണം”- കെ സുധാകരന്‍ പറഞ്ഞു.

അതിനിടെ, കത്ത് വിവാദത്തില്‍ കേസെടുത്തു അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ നല്‍കിയേക്കും. കത്ത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് മേയര്‍ മൊഴി നല്‍കിയ സാഹചര്യത്തിലാണ് കൃത്രിമ കത്ത് നിര്‍മ്മാണത്തിന് കേസെടുക്കണമെന്ന ശുപാര്‍ശ ഡിജിപിക്ക് നല്‍കുക.

 

Back to top button
error: