പാലക്കാട്: പട്ടാമ്പി കൊപ്പത്ത് നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിനു യുവാവിനെ ബെല്‍റ്റ് കൊണ്ടും മരക്കഷ്ണം കൊണ്ടും ക്രൂരമായി തല്ലിക്കൊന്ന കേസിലെ പ്രതി മുളയന്‍കാവ് പാലപ്പുഴ ഹക്കീം (27) കടുത്ത ലഹരിക്ക് അടിമയായിരുന്നുവെന്നു പോലീസ്. സിറിഞ്ചുകള്‍, വിദേശ മദ്യക്കുപ്പി ശേഖരം, നിരോധിത പുകയില ഉല്‍പന്നങ്ങളുടെ ഒഴിഞ്ഞ കവറുകള്‍ തുടങ്ങിയവ ഹക്കീം താമസിച്ചിരുന്ന വാടകവീടിന്റെ വിവിധ മുറികളില്‍ നിന്നായി കണ്ടെടുത്തു. മുളയന്‍കാവ് പെരുമ്പ്രത്തൊടി അബ്ദുസലാമിന്റെയും ആയിഷയുടെയും മകന്‍ അര്‍ഷദ് (21) ആണ് കൊല്ലപ്പെട്ടത്. ഹക്കീമിന്റെ അമ്മായിയുടെ മകനാണു കൊല്ലപ്പെട്ട അര്‍ഷദ്.
സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ പ്രവൃത്തി ചെയ്യുന്ന ഇരുവരും മണ്ണേങ്ങോട് അത്താണിയിലെ വാടക വീട്ടിലാണു താമസിച്ചിരുന്നത്. ഈ വാടകവീട്ടില്‍ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അര്‍ഷദ് ക്രൂരമര്‍ദനത്തിന് ഇരയായത്. വിശദമായ ചോദ്യം ചെയ്യലിനു ഹക്കീമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമുള്ള തെളിവെടുപ്പിലാണ് ആക്രമണത്തിനു ലഹരിയും കാരണമായെന്നതിന്റെ തെളിവുകള്‍ ലഭിച്ചത്. ഹക്കീമിനൊപ്പം താമസിച്ചിരുന്നവരും ലഹരിക്ക് അടിമയായിരുന്നുവെന്ന സംശയമാണ് ബലപ്പെടുന്നത്.
കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും ലഹരിമാഫിയയുടെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നും അര്‍ഷദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. അര്‍ഷദിനെ ആശുപത്രിലെത്തിക്കാന്‍ ഹക്കീമിനെ സഹായിച്ചവരെയും പോലീസ് ചോദ്യം ചെയ്യും. എന്നാല്‍, താന്‍ ഒറ്റയ്ക്കാണ് അര്‍ഷദിനെ മര്‍ദിച്ചതെന്നും വളര്‍ത്തു നായയ്ക്കു ഭക്ഷണം നല്‍കാന്‍ വൈകിയതും ജോലിയില്‍ ഉത്സാഹം കാണിക്കാത്തതുമാണ് കൊലപാതകത്തിനു കാരണമെന്നും തെളിവെടുപ്പിനിടയിലും ഹക്കീം ആവര്‍ത്തിച്ചു. സംഭവത്തിനു പിന്നിലുള്ള മുഴുവന്‍ പ്രതികളെയും പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തുവന്നു.
ശരീരം മുഴുവന്‍ അടിയേറ്റതിന്റെ നൂറോളം പാടുകളും മുറിവുകളുമായി അര്‍ഷദിനെ കെട്ടിടത്തില്‍നിന്നു വീണെന്നു പറഞ്ഞു ഹക്കീം തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതരുടെയും പോലീസിന്റെയും ഇടപെടലിലാണു കൊലപാതകമാണെന്നു തെളിഞ്ഞത്. ഹക്കിം വളര്‍ത്തുന്ന നായയ്ക്കു തീറ്റ കൊടുക്കാന്‍ വൈകിയതിന്റെ പേരിലാണു കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മര്‍ദനം തുടങ്ങിയത്.
നായയുടെ ബെല്‍റ്റ് കൊണ്ടും പട്ടിക കൊണ്ടും പുറത്തു ക്രൂരമായി തല്ലി. വീണ അര്‍ഷാദിനെ നിലത്തിട്ടും ചവിട്ടിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നു. ആന്തരിക രക്തസ്രാവമാണു മരണകാരണമെന്നാണു നിഗമനം. വെള്ളിയാഴ്ച രാവിലെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച അര്‍ഷദിനെ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ കൊപ്പം പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഉച്ചയോടെയായിരുന്നു മരണം. സംഭവത്തിനു ശേഷം കടന്ന ഹക്കീമിനെ അന്നു വൈകിട്ടു പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.