NEWS

ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റും;പ്രത്യേക നിയമസഭാ സമ്മേളനം കൂടാന്‍ ഒരുങ്ങി സര്‍ക്കാര്‍ 

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമായിരിക്കെ പ്രത്യേക നിയമസഭാ സമ്മേളനം കൂടാന്‍ ഒരുങ്ങി സര്‍ക്കാര്‍.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റാനുള‌ള‌ ബില്‍ നിയമസഭാ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. ഡിസംബ‌ര്‍ ആദ്യവാരമാണ് സമ്മേളനം കൂടുന്നതിന് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡിസംബര്‍ അഞ്ച് മുതല്‍ 15 വരെയുള‌ള തീയതികളിലാകും കൂടുക എന്നാണ് വിവരം. ഗവര്‍ണര്‍ക്ക് പകരം ആര് ചാന്‍സലര്‍ ആകണമെന്നും സഭാ സമ്മേളനത്തിന്റെ തീയതിയും നാളെ ക്യാബിനറ്റിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. മന്ത്രിസഭാ തീരുമാനം ഗവര്‍ണറെ അറിയിക്കും.
സംസ്ഥാനത്ത് 16 സര്‍വകലാശാലകളില്‍ 15ലും ഗവര്‍ണറാണ് ചാന്‍സലര്‍. ഗവര്‍ണര്‍ക്ക് പകരം ആരെ ചാന്‍സലര്‍ ആക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമായിട്ടില്ല. ഓരോ സര്‍വകലാശാലക്കും പ്രത്യേക ചാന്‍സലര്‍ എന്നതാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ശ്യാം ബി മേനോന്‍ കമ്മിഷനും എന്‍.കെ ജയകുമാര്‍ കമ്മിഷനും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
എന്നാല്‍ ബില്‍ സഭ പാസാക്കിയാലും ഇത് ഗവര്‍ണര്‍ ഒപ്പിട്ടാലെ അംഗീകാരത്തില്‍ വരൂ എന്നതും പ്രശ്‌നമാണ്. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമനടപടികള്‍ എങ്ങനെവേണം എന്നറിയാന്‍ ഫാലി എസ്.നരിമാനില്‍ നിന്നുമടക്കം സര്‍ക്കാര്‍ നിയമോപദേശവും തേടിക്കഴിഞ്ഞു.

Back to top button
error: