CrimeNEWS

‘എപ്പടി കോളനിക്കുള്ളെ വന്തത് സർ ? കേരള പൊലീസ് ഡാ! തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽനിന്ന് മോഷ്ടാവിനെ പുഷ്പംപോലെ പൊക്കി കേരള പൊലീസ്

പുതുശ്ശേരി: തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നും മോഷ്ടാവിനെ പിടികൂടി കേരള പൊലീസ്. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൽ നിന്ന് ലാപ്ടോപ്പ് അടങ്ങിയ ബാഗ് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തമിഴ്നാട് തിരുച്ചിറാപ്പള്ളി തിരുട്ടുഗ്രാമം രാംജിനഗർ മിൽ കോളനി ദയാലൻ മകൻ ഷൺമുഖം (വയസ്സ് 35 ) എന്നയാളെ പാലക്കാട് കസബ പോലീസും ടൌൺ നോർത്ത് പോലീസും സംയുക്തമായി ചേർന്ന് പിടികൂടിയത്. ഒക്ടോബർ 1 ആം തിയ്യതി വൈകീട്ട് 6.30 മണിക്കാണ് കേസ്സിനാസ്പദമായ സoഭവം നടന്നത്.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പല ഗ്രൂപ്പായി കളവ് നടത്തുന്ന സംഘത്തിലെ അംഗമാണ് ഷൺമുഖം. എടിഎം കവർച്ച, ബാങ്ക് കവർച്ച, ജുവല്ലറി കവർച്ച തുടങ്ങി പല രീതിയിലും ഇവർ മേഷണം നടത്താറുണ്ട്. കാറിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ ഗ്ലാസ് തകർത്ത് മോഷ്ടിക്കുന്നതാണ് ഇവരുടെ രീതി. ജനങ്ങൾ തിങ്ങി നിൽക്കുന്ന ഭാഗത്താണ് ഇവരെ കൂടുതലായും കാണാൻ കഴിയുക.

തിരുച്ചിറപ്പള്ളി എന്ന ട്രിച്ചി ജില്ലയിൽ രാംജിനഗർ എന്ന പ്രദേശമാണ് ‘തിരുട്ട് ഗ്രാമം’ എന്ന പേരിലറിയപ്പെടുന്നത്. പാരമ്പര്യമായി ലഭിച്ച കൈ തൊഴിലാണ് ഇവിടെയുള്ളവർക്ക് മോഷണം. ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ഇവർ കളവ് നടത്തുന്നത്. കളവ് നടത്തിയത് പോലീസ് കേസായാൽ കളവ് മുതലുകൾ ഇടനിലക്കാരെ വച്ച് തിരിച്ച് നൽകുകയാണ് പതിവ്. കോളനിയുടെ അകത്ത് 800 ഓളം കുടംബങ്ങൾ താമസിക്കുന്നുണ്ട്. അകത്തു കയറി പ്രതിയെ പോലീസ് പിടികൂടിയാൽ വാഹനം തടഞ്ഞ് പ്രതിയെ രക്ഷപ്പെടാൻ വരെ സഹായം ലഭിക്കുന്ന സ്ഥലമാണ് തിരുട്ടുഗ്രാമം.

പാലക്കാട് കസബ, നോർത്ത് പോലീസ് ബലപ്രയോഗത്താൽ ഇവരെ പിടികൂടുന്നതിന് പകരം തന്ത്രപരമായ രൂപ രേഖ തയ്യാറാക്കിയാണ് പിടികൂടിയത്. പ്രതികൾ സ്ഥിരമായി ഉണ്ടാവാറുള്ള സ്ഥലങ്ങൾ ആർക്കും സംശയം കൂടാതെ നിരീക്ഷിച്ച് തിരുട്ടു ഗ്രാമത്തിൽ പോയി വളരെ പെട്ടെന്നാണ് പ്രതിയെ പിടിച്ച് പുറത്തിറങ്ങിയത്. അറസ്റ്റിലായതിന് പിന്നാലെ പ്രതി ചോദിച്ചത് ‘എപ്പടി കോളനിക്കുള്ളെ വന്തത് സർ’ എന്നാണ്.

പാലക്കാട് ജില്ല പോലീസ് മേധാവി ആർ.വിശ്വനാഥിൻെറ നിർദ്ദേശമനുസരിച്ച് പാലക്കാട് എഎസ്പി എ ഷാഹുൽ ഹമീദിൻെറ മേൽനോട്ടത്തിൽ കസബ പൊലീസ് ഇൻസ്പെക്ടർ എൻഎസ് രാജീവ്‌, നോർത്ത് പോലീസ് ഇൻസ്പെക്ടർ സുജിത്ത്, കസബ എസ്.ഐ എസ് അനീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, രാജീദ്.ആർ, രഘു.ആർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ തിരുട്ടു ഗ്രാമത്തിൽ നിന്നും പിടികൂടിയത്. കൂടുതൽ അറസ്റ്റ് ഉടനെ ഉണ്ടാകും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Back to top button
error: