കൊച്ചി: മീഡിയവണ്‍, കൈരളി ചാനലുകള്‍ തന്നോട് മാപ്പ് പറയണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ജമാഅത്തെ ഇസ്ലാമിയും സി.പി.എമ്മും ഒരുപോലെയാണ്.അവര്‍ തന്നെ ലക്ഷ്യംവെയ്ക്കുകയാണ്. ഷാബാനു കേസ് മുതല്‍ മീഡിയവണിന് തനിക്കെതിരെ മുന്‍വിധിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി നിരോധിത സംഘടനയല്ലല്ലോ എന്ന ചോദ്യത്തിന് നിരോധിച്ചോ ഇല്ലയോ എന്നത് വിഷയമല്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. പക്ഷേ മൗദൂദിയെ കുറിച്ച് താന്‍ കൃത്യമായി വായിച്ചിട്ടുണ്ട്. ലോകത്തെ നിരവധിയിടങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മൗദൂദിയെയാണ് പണ്ഡിതന്മാര് കുറ്റക്കാരനായി കണക്കാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അപ്പോൾ കൈരളിയോ എന്ന ചോദ്യത്തിന് കൈരളി പോലുള്ള കേഡര്‍ മീഡിയയോട് സംസാരിക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. അവര്‍ക്ക് നിരവധി മുന്‍വിധികളുണ്ട്”- ഗവര്‍ണര്‍ പറഞ്ഞു.
രാജ്ഭവന് ക്ഷണിച്ചിട്ടല്ലേ ഇരു മാധ്യമങ്ങളും വന്നതെന്ന ചോദ്യത്തിന് ഗവര്‍ണറുടെ മറുപടിയിങ്ങനെ- “അവര്‍ രാജ്ഭവന് പിആര്‍ഒയോട് പറഞ്ഞു, തങ്ങളുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിക്കില്ലെന്ന്. എന്നെ വിമര്‍ശിക്കുന്നതല്ല പ്രശ്നം. കൈരളിയും മീഡിയവണും എന്നെ ലക്ഷ്യം വെയ്ക്കുകയാണ്. 2019ല്‍ ആദിവാസികള്‍ക്കൊപ്പം അല്പനിമിഷം ചെലവിടാനും അവരുടെ പ്രശ്നങ്ങള്‍ അറിയാനും പൊന്മുടിയിലേക്ക് എനിക്ക് ക്ഷണം ലഭിച്ചു. അന്ന് മീഡിയവണ്‍ പറഞ്ഞത് ഞാന്‍ ആസ്വദിക്കാന്‍ പോയതാണ് എന്നാണ്. ഞാന്‍ ചെന്നൈ, മുംബൈ, ബംഗളൂരു ഇവിടെയെല്ലാം പോകുന്നുണ്ട്. പൊന്മുടിയില് പോകുന്നതിന് വിമര്‍ശിക്കേണ്ട കാര്യമുണ്ടോ?” ഗവർണർ ചോദിക്കുന്നു.