സാന്‍ഫ്രാന്‍സിസ്കോ: സമൂഹമാധ്യമമായ ട്വിറ്ററിനു പിന്നാലെ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും കൂട്ടപിരിച്ചുവിടലിനു ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ ആഴ്ചയില്‍ മെറ്റയില്‍ വന്‍ പിരിച്ചുവിടല്‍ നടക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നും രാജ്യാന്തര മാധ്യമം വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയ്ക്കു മുന്‍പായി പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നും എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ മെറ്റ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഇതിനകം സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക്ടോക്കില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റയ്ക്കു തിരിച്ചടിയായത്. ഡിജിറ്റല്‍ പരസ്യ വിപണിയിലെ മാന്ദ്യം മെറ്റയെ മാത്രമല്ല, എതിരാളികളായ ഗൂഗിള്‍, ട്വിറ്റര്‍ എന്നിവയെയും ബാധിച്ചു. കമ്പനി നടത്തുന്ന നിക്ഷേപങ്ങളുടെയും നിയമനങ്ങളുടെയും വേഗം കുറയ്ക്കുകയാണെന്നു മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ചീഫ് ഓപ്പറേറ്റിങ് ഓഫിസറായിരുന്ന ഷെറില്‍ സാന്‍ഡ്ബെര്‍ഗ് മെറ്റയില്‍ നിന്ന് രാജിവച്ചതും കമ്പനിയെ പുറകോട്ട് അടിച്ചിരുന്നു. മെറ്റയുടെ അതിവിപുലമായ പരസ്യ ബിസിനസിന്റെ ബുദ്ധികേന്ദ്രമായിരുന്നു അവര്‍. കമ്പനി നേതൃത്വത്തെക്കുറിച്ച് നിക്ഷേപകര്‍ സംശയാലുക്കളായത് ഓഹരി വിപണിയില്‍ വലിയ പ്രതിഫലനമുണ്ടാക്കുകയും ചെയ്തു. നാല് വര്‍ഷം മെറ്റ(ഫെയ്സ്ബുക്)യുടെ ഇന്ത്യ മേധാവിയായിരുന്ന അജിത് മോഹന്‍ ഉള്‍പ്പെടെയുള്ളവര്‍ അടുത്തിടെ രാജിവച്ചിരുന്നു. ഫെയ്സ്ബുക്കിന്റെ എതിരാളിയായ ‘സ്നാപ്പി’ന്റെ (മുന്‍പ് സ്നാപ്ചാറ്റ്) ഏഷ്യപസിഫിക് മേധാവിയായി അജിത് സ്ഥാനമേല്‍ക്കുകയും ചെയ്തു. ഹോട്സ്റ്റാറിനെ ഇന്ത്യയിലെ പ്രധാന ഒടിടി പ്ലാറ്റ്ഫോമാക്കി മാറ്റിയത് അജിത്തിന്റെ നേതൃത്വത്തിലായിരുന്നു.
ട്വിറ്റര്‍ മാതൃകയില്‍ പല പ്രമുഖ കമ്പനികളും കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.