LocalNEWS

തെങ്കാശിയിലെ ജനവാസ മേഖലയില്‍ കരടി ആക്രമണം; മൂന്നു പേര്‍ക്ക് പരുക്ക്

തെങ്കാശി: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ജനവാസ മേഖലയിലെത്തിയ കരടിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികരായ 3 പേര്‍ക്ക് ഗുരുതര പരുക്ക്. കേരളത്തില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കടയത്തിനു സമീപം ശിവശൈലം ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെ 7 നാണ് സംഭവം. ശിവശൈലം സ്വദേശിയായ വൈകുണ്ഠസ്വാമി, നാഗേന്ദ്രന്‍, ശൈലപ്പന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വൈകുണ്ഠസ്വാമിയുടെ കടയിലേക്കുള്ള സാധനങ്ങളുമായി ബൈക്കില്‍ വരുന്ന വഴിക്കാണ് കരടി ആക്രമിക്കുന്നത്.

ഈ സമയം ഇതുവഴി മറ്റൊരു ബൈക്കില്‍ വന്ന നാഗേന്ദ്രനും ശൈലപ്പനും വൈകുണ്ഠസ്വാമിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കരടി ഇവരെയും ആക്രമിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കല്ലെറിഞ്ഞും ബഹളംവച്ചും കരടിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് കരടി പിന്‍മാറിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മൂന്നുപേരെയും തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വന്യമൃഗ ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ശിവശൈലം ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു. സമരത്തെ തുടര്‍ന്ന് ആലംകുളം ഡിവൈ.എസ്.പി, കടയം റേഞ്ച് ഓഫിസര്‍ എന്നിവര്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ കരടിയെ കൂടുവെച്ച് പിടികൂടുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. രാത്രി 7 ന് വനംവകുപ്പ് മയക്കുവെടിവച്ച് കരടിയെ പിടികൂടി.

ശിവശൈലം ഗ്രാമത്തില്‍ കരടി ഇറങ്ങുന്നത് പതിവാണെങ്കിലും ജനങ്ങളെ ആക്രമിക്കുന്നത് ആദ്യമായിട്ടാണ്. കരടിയെ പതിവായി ഗ്രാമവാസികള്‍ കണാറുണ്ടെങ്കിലും ജനങ്ങളെ കാണുമ്പോള്‍ ഓടി മറയുകയായിരുന്നു പതിവ്. കരടി ആക്രമിക്കാന്‍ കാരണമെന്താണെന്ന അന്വേഷണത്തിലാണ് വനംവകുപ്പ്. കേരളത്തിലെ ശെന്തരുണി വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന മലയടിവാരത്തിലാണ് കരടി ഇറങ്ങിയത്. കളക്കാട് – മുണ്ടന്‍തുറൈ വന്യജീവി സങ്കേതവും ഇതിനടുത്താണ്. വന്യമൃഗങ്ങളുടെ സാന്നിധ്യം മേഖലയില്‍ പതിവാണ്.

 

Back to top button
error: